ജയ്പൂർ: ദീപാവലി പ്രമാണിച്ച് വീട് വൃത്തിയാക്കുന്നതിനിടെ നാല് ലക്ഷം രൂപയുടെ സ്വർണാഭരണം മാലിന്യ ട്രക്കിലേക്ക് എറിഞ്ഞു. അമളി മനസിലാക്കിയതോടെ കുടുംബം മുൻസിപ്പൽ കോർപറേഷനെ സമീപിക്കുകയായിരുന്നു. രാജസ്ഥാനിലെ ഭില്വാര സ്വദേശി ചിരാഗ് ശർമയ്ക്കാണ് ‘ലക്ഷങ്ങളുടെ അമളി’ സംഭവിച്ചത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീട് വൃത്തിയാക്കുന്നതിനിടെ സ്വർണ്ണാഭരണങ്ങൾ എല്ലാം ഒരുമിച്ച് സുരക്ഷിതമായി കവറിലാക്കി മാറ്റിവെച്ചിരുന്നു. ഇതിനിടെയാണ് മാലിന്യം ശേഖരിക്കാൻ ട്രക്ക് എത്തിയത്. ധൃതിയിൽ മാലിന്യങ്ങൾക്കൊപ്പം എടുത്തുവെച്ച സ്വർണവും ട്രക്കിലേക്ക് എറിഞ്ഞു. ഏറെ നേരം കഴിഞ്ഞാണ് അമളി പറ്റിയ കാര്യം ചിരാഗ് തിരിച്ചറിയുന്നത്. ഉടനെ മുൻസിപ്പൽ കോർപറേഷൻ മേയറെ വിളിച്ച് വിവരമറിയിച്ചു.
