പരിഷ്‌കരണ വാദികള്‍ എന്നറിയപ്പെടുന്ന ഈ വിഭാഗം സമസ്തയുടെ ഘടനാപരമായ പ്രവര്‍ത്തനങ്ങളിലും സ്ഥാപനങ്ങളിലും നുഴഞ്ഞുകയറുകയും ഇടപെടുകയും ചെയ്യുന്നതിന്റെ അനന്തര ഫലമാണ് സംഘടന നേരിടുന്നതെന്നും മുശാവറ
കോഴിക്കോട്: മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തില്‍ ചിത്രീകരിച്ചും പൊലിസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണെന്ന് സമസ്ത മുശാവറ അംഗങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധര്‍മമാണ്.
സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരേ നടക്കുന്ന ദുഷ്പ്രചാരണങ്ങളും കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.മതപണ്ഡിതന്മാരെയും സമൂഹം ഏറെ ആദരിക്കുന്ന പ്രവാചക കുടുംബത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്തു വര്‍ധിച്ചു വരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സമസ്ത പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ക്കും സംഘടനക്കും നേരെ ദുഷ്പ്രചാരണങ്ങള്‍ നടക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദപ്പെട്ട ആളുകള്‍ പോലും ഇതില്‍ ഉള്‍പ്പെടുന്നു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിരന്തരം ഇതാവര്‍ത്തിക്കുന്നതില്‍ സമസ്ത നേതൃത്വം നേരത്തെ പ്രതിഷേധം അറിയിച്ചതാണ്. ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നത് സുന്നി വിശ്വാസികളെ പ്രയാസപ്പെടുത്തുന്നുണ്ട്
കേരള മുസ്‌ലിംകളിലെ സിംഹഭാഗത്തെ പ്രധിനിധീകരിക്കുന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ശാക്തീകരണത്തെ തടയിടുന്നതില്‍ സലഫി ജമാഅത്ത് തീവ്രവാദ സംഘടനകള്‍ എക്കാലവും ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞകാലങ്ങളില്‍ സുന്നികളുമായുള്ള ആശയപരമായ പോരാട്ടത്തില്‍ ദയനീയമായി പരാജയപ്പെട്ട പരിഷ്‌കരണ വാദികള്‍ എന്നറിയപ്പെടുന്ന ഈ വിഭാഗം സമസ്തയുടെ ഘടനാപരമായ പ്രവര്‍ത്തനങ്ങളിലും സ്ഥാപനങ്ങളിലും നുഴഞ്ഞുകയറുകയും ഇടപെടുകയും ചെയ്യുന്നതിന്റെ അനന്തര ഫലമാണ് സുന്നി പ്രാസ്ഥാനിക രംഗത്ത് ഇന്ന് നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്ക് കാരണം.
