വിജയ് വർഷങ്ങളായി തന്റെ സുഹൃത്ത്, പുതിയ യാത്രയിൽ അദ്ദേഹത്തിന് വിജയം നേരുന്നു; ഉദയനിദി സ്റ്റാലിൻ

0
894

ചെന്നൈ: ജനസാ​ഗരത്തെ അണിനിരത്തി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് മാസ് എൻട്രി നടത്തിയ നടൻ വിജയ്ക്ക് വിജയാശംസയുമായി തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിദി സ്റ്റാലിൻ. വിജയ് വർഷങ്ങളായി തന്റെ സുഹൃത്താണെന്നും പുതിയ യാത്രയിൽ അദ്ദേഹത്തിന് വിജയം നേരുന്നതായും ഉദയനിധി പറഞ്ഞു. ടിവികെയുടെ ആദ്യ സംസ്ഥാനതല സമ്മേളനത്തോടനുബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ഉദയനിദി സ്റ്റാലിൻ.

‘വിജയ് വർഷങ്ങളായി എന്റെ സുഹൃത്താണ്. കുട്ടിക്കാലം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. എൻ്റെ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ സിനിമയിൽ അദ്ദേഹമായിരുന്നു നടൻ. അടുത്ത സുഹൃത്തായി ഇപ്പോഴും തുടരുന്നു. ഈ പുതിയ യാത്രയിൽ അദ്ദേഹം വിജയിക്കട്ടെയെന്ന് ആശംസിക്കുന്നു’- ഉദയനിധി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് എന്താണ് ഡിഎംകെ നിലപാടെന്ന ചോദ്യത്തിന്, രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ആരെയും തടയുന്ന ഒരു നിയമവുമില്ലെന്നും പാർട്ടി തുടങ്ങാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഉദയനിധി പറഞ്ഞു. ‘പല പാർട്ടികളും വന്നുപോയി, പക്ഷേ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും അവരെ അംഗീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരു പാർട്ടിയുടെ പ്രത്യയശാസ്ത്രം ഏറെ പ്രധാനമാണ്. ആ പ്രത്യയശാസ്ത്രത്തോടുള്ള ജനങ്ങളുടെ സ്വീകാര്യതയും പ്രധാനമാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു.

വില്ലുപുരത്തെ വിഴുപ്പുറം വിക്രവാണ്ടിയിലായിരുന്ന പതിനായിരങ്ങൾ ഒഴുകിയെത്തിയ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാനതല സമ്മേളനം. പരിപാടിയിൽ വിജയ് തന്റെ പാർട്ടിയുടെ രാഷ്ട്രീയനയം പ്രഖ്യാപിച്ചു. മതേതര സാമൂഹിക നീതിയാണ് പാർട്ടിയുടെ പ്രത്യയശാസ്ത്രമെന്ന് ടിവികെ അധ്യക്ഷൻ വ്യക്തമാക്കി.

പെരിയാർ, കാമരാജ്, ബി.ആർ അംബേദ്കർ, വേലുനാച്ചിയാർ, അഞ്ചലൈ അമ്മാർ എന്നിവരാകും പാർട്ടി തലവന്മാരെന്നും താരം പറഞ്ഞു. ടിവികെ ആരുടെയും ‘എ’ ടീമും ‘ബി’ ടീമുമല്ലെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും ടിവികെ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.