ദന ചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും; ജാഗ്രതാ നിർദേശം

0
1930

ദന ചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടുമെന്നിരിക്കെ ഒഡിഷയിലും ബംഗാളിലും ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ചുഴലിക്കാറ്റിനെ തുടർന്ന് പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

മണിക്കൂറിൽ 100-120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഒഡീഷയിലെ ഭിതാർകനിക, ധമ്ര എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ് ഇന്ന് രാത്രി ആഞ്ഞടിക്കുമെന്നാണ് നിഗമനം. അപകട മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. വിമാന, റെയിൽ സേവനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.

വ്യാഴാഴ്ച രാത്രി മുതൽ ചുഴലിക്കാറ്റ് വടക്കൻ ഒഡീഷയ്ക്കും പശ്ചിമ ബംഗാൾ തീരത്തിനും ഇടയിൽ പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കര തൊടുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കരുതൽ നടപടികളും സ്വീകരിച്ചുവരികയാണ്.

ഒക്‌ടോബർ 24ന് രാത്രി മുതൽ ഒക്‌ടോബർ 25-ന് രാവിലെ വരെ ചുഴലിക്കാറ്റിൻ്റെ പ്രഭാവം തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ സമയത്ത് കാറ്റിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 120 കി.മീ ആയിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ ഡയറക്ടർ ജനറൽ ( ഐഎംഡി) മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.

ചുഴലിക്കാറ്റിൻ്റെ പാതയിൽ കിടക്കുന്ന കേന്ദ്രപാര, ഭദ്രക്, ബാലസോർ, ജഗത്സിംഗ്പൂർ, പുരി എന്നീ ജില്ലകളിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി പറഞ്ഞു. 30 ശതമാനത്തിലധികം ആളുകളെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചു. നാളെ രാവിലെ 11 മണിയോടെ 90 ശതമാനം ആളുകളെയും ഒഴിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടി രാത്രി മുഴുവൻ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് മുതൽ നാല് ലക്ഷം വരെ ആളുകളെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ 16 മണിക്കൂർ വിമാന സർവീസുകൾ നിർത്തിവയ്ക്കും. സംസ്ഥാനത്ത് ട്രെയിൻ സർവീസുകളും നിർത്തിവെച്ചു.