കുവൈത്ത് സിറ്റി: കപ്പലപകടത്തെത്തുടര്‍ന്ന് കാണാതായ മകന്‍ അമലിനെ കഴിഞ്ഞ അന്‍പതു ദിവസമായി കാത്തിരിക്കുന്ന ഒരു കുടുംബം. ഓരോ ഫോണ്‍വിളി വരുമ്പോഴും അത് തന്റെ മകനായിരിക്കുമെന്ന പ്രതീക്ഷയോടെയാണ് ആ കുടുംബം ഫോണെടുക്കുന്നത്.
തന്റെ മകന് ഒന്നും സംഭവിക്കുകയില്ലെന്നും അവന്‍ തിരിച്ചുവരുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തിലാണ് കണ്ണൂര്‍ ആലക്കോട് വെള്ളാട് കാവുംക്കുടി കോട്ടയില്‍ സുരേഷ് കുമാരനും കുടുംബവും.
കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ഇറാന്‍ ചരക്ക്കപ്പലായ അറബ്ക്തര്‍ 1 അപകടത്തിൽപ്പെട്ടത്. മൂന്ന് ഇന്ത്യക്കാരും മൂന്ന് ഇറാന്‍ സ്വദേശികളുമായിരുന്നു കപ്പലിലെ ജീവനക്കാര്‍. ഡെക്ക് ഓപ്പറേറ്റര്‍മാരായ രണ്ട് മലയാളികളും ഒരു പശ്ചിമബംഗാള്‍ സ്വദേശിയുമായിരുന്നു ഇന്ത്യാക്കാര്‍.
അപകടത്തെത്തുടര്‍ന്ന് സമീപ ദിവസങ്ങളിലായി കുവൈത്ത് നാവിക-തീരദേശ സേനകള്‍ നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങള്‍ ലഭിച്ചു. കുവൈത്തിലെ സബ്ഹാന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങളില്‍ തൃശൂര്‍ മണലൂര്‍ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകന്‍ ഹനീഷിന്റെയും, കൊല്‍ക്കത്ത സ്വദേശിയുടെ മൃതദേഹവും ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു.
തുടര്‍ന്ന് ഈ മൃതദേഹങ്ങള്‍ ഈ മാസം നാലിന് നാട്ടിലേക്ക് അയച്ചു. തിരിച്ചറിയാത്ത മറ്റ് മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തി. അമലിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ സാമ്പിളുകളും നോര്‍ക്ക വഴി കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് എത്തിച്ചിരുന്നു.
അത് കുവൈത്തിലുള്ള മൃതദേഹവുമായി ഒത്തുനോക്കിയെങ്കിലും, അമലിന്റേത് അല്ലെന്ന് എംബസിയില്‍നിന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 26-ന് സുരേഷിനോട് പറഞ്ഞു. എന്നാല്‍ പിന്നീട് ഒരു വിവരവും എംബസിയില്‍നിന്ന് ലഭിച്ചിട്ടില്ല.