• രൂക്ഷ വിമർശങ്ങൾക്കു പിന്നാലെ, കമന്റ് ബോക്‌സ് പൂട്ടി, സഹപ്രവർത്തകൻ നവീന് ആദരാഞ്ജലിയർപ്പിച്ച് കണ്ണൂർ കലക്ടർ
• പരാതി ലഭിച്ചിട്ടും ദിവ്യക്കെതിരേ കേസെടുക്കാതെ പോലീസ്; പ്രശാന്തനെതിരേ വകുപ്പതല അന്വേഷണം
പത്തനംതിട്ട: നവീൻ ബാബുവിന് കണ്ണീരോടെ വിടനൽകാനൊരുങ്ങി ജന്മനാട്. വിലാപയാത്രയായി പത്തനംതിട്ട കലക്ടറേറ്റിലത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി വൈകാരിക രംഗങ്ങൾക്കാണ് കലക്ടറേറ്റ് സാക്ഷ്യം വഹിച്ചത്. നവീൻ ബാബുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ ദിവ്യ എസ്. അയ്യർ മൃതദേഹത്തിനരികിൽനിന്നു വിതുമ്പിക്കരഞ്ഞു.
നവീൻറെ മരണ വാർത്ത പുറത്തുവന്നപ്പോൾ തന്നെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്ത അനുഭവം ദിവ്യ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. നവീൻ ഇതിനേക്കാൾ മികച്ച യാത്രയയപ്പ് അർഹിക്കുന്നുണ്ടെന്നായിരുന്നു പത്തനംതിട്ട മുൻ കലക്ടറായിരുന്ന പി.ബി. നൂഹിന്റെ ഫെയ്സ്ബുക് കുറിപ്പ്.
പത്തനംതിട്ട കലക്ടറേറ്റിൽ പൊതുദർശനത്തിനെത്തിച്ച നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ്.അയ്യർ. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തെക്കുറിച്ചുള്ള വികാരാധീനമായ ഓർമക്കുറിപ്പ് ദിവ്യ പങ്കുവച്ചിരുന്നു. ‘എന്നും ഞങ്ങൾക്ക് ബലം ആയിരുന്നു തഹസിൽദാർ എന്ന നിലയിൽ റാന്നിയിൽ നവീന്റെ പ്രവർത്തനം. ഏതു പാതിരാത്രിയും, ഏതു വിഷയത്തിലും കർമനിരതനായി, ഈ ചിത്രങ്ങളിൽ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീൻ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവർത്തകൻ ഉണ്ടാകും’ എന്നായിരുന്നു ദിവ്യയുടെ കുറിപ്പ്.
പരാതി ലഭിച്ചിട്ടും ദിവ്യക്കെതിരേ കേസെടുക്കാതെ പോലീസ്; പ്രശാന്തനെതിരേ വകുപ്പതല അന്വേഷണം
കണ്ണൂര്‍: നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പരാതി ലഭിച്ചിട്ടും പി.പി ദിവ്യക്കെതിരേ കേസെടുക്കാതെ പോലീസ്. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് പറയുന്നത്. ദിവ്യയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. അതേമസയം പരാതിക്കാരനായ പ്രശാന്തനെതിരേ വകുപ്പ് തല അന്വേഷണത്തിനും നീക്കമുണ്ട്.
പരാതി നല്‍കി ഒരു ദിവസത്തിന് ശേഷമാണ് പി.പി ദിവ്യയുടെ മൊഴിയെടുക്കാന്‍ പോലീസ് ഒരുങ്ങുന്നത്. നവീന്‍ ബാബുവിന്റെ സുഹൃത്തുക്കളുടെ മൊഴി കൂടെ രേഖപ്പെടുത്തിയേക്കും. ദിവ്യയുടെ വാക്കുകളിലൂടെയുണ്ടായ മാനസിക വിഷമത്തെ കുറിച്ച് അദ്ദേഹം സുഹൃത്തുക്കളോട് എന്തെങ്കിലും പങ്കുവെച്ചിരുന്നോ എന്നതാവും പോലീസ് പരിശോധിക്കുക.
പരാതിക്കാരനായ പ്രശാന്തിനെതിരേ വകുപ്പ് തല അന്വേഷണം ഉടന്‍ ആരംഭിക്കും. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനാണ് പ്രശാന്തന്‍. സര്‍ക്കാര്‍ ജീവനക്കാരന് ഇത്തരത്തിലൊരു സ്വകാര്യ സംരംഭം ആരംഭിക്കുന്നത് ചട്ട വിരുദ്ധമാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഏതെങ്കിലും തരത്തിലുള്ള ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യവും അതിസൂക്ഷ്മമായി പരിശോധിക്കും. അടുത്ത ദിവസം ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ പി.പി ദിവ്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി പ്രഖ്യാപിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.
രൂക്ഷ വിമർശങ്ങൾക്കു പിന്നാലെ, കമന്റ് ബോക്‌സ് പൂട്ടി, സഹപ്രവർത്തകൻ നവീന് ആദരാഞ്ജലിയർപ്പിച്ച് കണ്ണൂർ കലക്ടർ
കണ്ണൂർ: യാത്രയയപ്പ് ചടങ്ങിനിടെയുണ്ടായ അപമാനത്തിന് പിന്നാലെ ജീവനൊടുക്കിയ കണ്ണൂർ എ.ഡി.എം കെ നവീൻ ബാബുവിന് ആദരാഞ്ജലിയർപ്പിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ. കഴിഞ്ഞദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന രൂക്ഷമായ വിമർശങ്ങളുടെ പശ്ചാത്തലത്തിൽ, കമന്റ് ബോക്‌സ് പൂട്ടിയാണ് കലക്ടർ കണ്ണൂരിന്റെ ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും പോസ്റ്റിട്ടത്.
ക്ഷണിക്കാതെ കയറിവന്ന ദിവ്യയെ തടഞ്ഞില്ലെന്ന് മാത്രമല്ല അവർ പറഞ്ഞതെല്ലാം മിണ്ടാതെ കലക്ടർ കേട്ടിരുന്നതാണ് സോഷ്യൽമീഡിയയുടെ പ്രകോപനം. കലക്ടർ എടുക്കേണ്ട പണി എടുക്കാത്തതിന്റെ ദുരന്തമാണ് ഇപ്പോഴുണ്ടായതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ‘താങ്കളുടെ സാന്നിധ്യത്തിൽ ഒരു സഹപ്രവർത്തകനെ അപമാനിച്ചപ്പോൾ സാറെല്ലാം കണ്ടിരിക്കുകയായിരുന്നു….നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആകുമ്പോൾ ഇതല്ല ഇതിലപ്പുറവും ജനങ്ങൾ കാണേണ്ടി വരും. ആ സദസ്സിൽ താങ്കൾ അവസരോചിതമായി ഒന്ന് ഇടപെട്ടിരുന്നെങ്കിൽ, ഒരുപക്ഷേ, ആ സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാമായിരുന്നു’ എന്ന തരത്തിലാണ് കലക്ടറുടെ പോസ്റ്റുകൾക്ക് താഴെ വന്ന പ്രതികരണങ്ങൾ.
‘സഹപ്രവർത്തകനായ കണ്ണൂർ ജില്ല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശ്രീ നവീൻ ബാബുവിന്റെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റിന്റെ തുടക്കം. സൗമ്യനായി, ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സർവീസിൽ സേവനമനുഷ്ഠിച്ച എല്ലായിടത്തും സഹപ്രവർത്തകരുടെ സ്‌നേഹാദരങ്ങൾ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അദ്ദേഹത്തിന്റെ ഭൗതിക ശരീരം കുടുംബത്തിന് കൈമാറി. സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയിൽ നടക്കും. വളരെ ദൗർഭാഗ്യകരമായ ഈ സന്ദർഭത്തിൽ
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നാണ് ജില്ലാ കലക്ടർ എഫ്.ബി പോസ്റ്റിൽ കുറിച്ചത്.
