റിയാദ്: സൗദിയിൽ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ബൈക്കുകൾക്ക് പുതിയ ലൈസൻസുകൾ അനുവദിക്കുന്നത് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി നിർത്തിവെച്ചു.
അതോറിറ്റിയുടെ വക്താവ് സാലിഹ് അൽ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചത്.
ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ മോട്ടോർസൈക്കിളുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ പരീക്ഷണ ഘട്ടത്തിൽ നേരത്തെ ലൈസൻസ് നേടിയിരുന്നു. ഈ ഘട്ടം ഇപ്പോൾ അവസാനിച്ചതായി അൽ സുവൈദ് വ്യക്തമാക്കി.
വർക്ക് പെർമിറ്റ് ഇല്ലെന്നോ ട്രാഫിക് സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുവെന്നോ കണ്ടെത്തിയതിനെത്തുടർന്ന് നിരവധി ഡെലിവറി ബൈക്ക് ഡ്രൈവർമാരെ റിയാദിലെ തെരുവുകളിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു.
കൊറോണ വൈറസ് പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഡെലിവറി സേവനങ്ങളുടെ വൻതോതിലുള്ള പുരോഗതിക്ക് സൗദി അറേബ്യ സാക്ഷ്യം വഹിച്ചു.
അഭിവൃദ്ധി പ്രാപിക്കുന്ന ഈ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം നിക്ഷേപങ്ങൾ നടത്തുന്നതിനും ബിസിനസ്സ് വിപുലീകരിക്കുന്നതിനും വിപുലമായ അവസരങ്ങൾ നൽകി. സൗദി അറേബ്യയിലെ ലൈറ്റ് ചരക്ക് ഗതാഗത പ്രവർത്തനത്തിൻ്റെ വളർച്ചയ്‌ക്കൊപ്പം ഈ പ്രവർത്തനത്തിന് സേവനങ്ങൾ നൽകുന്ന മോട്ടോർസൈക്കിളുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി അൽ സുവേദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
