ചണ്ഡീഗഡ്: എക്സിറ്റ് പോളുകള്‍ ശരിവച്ച് ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം. 57 സീറ്റുകളില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. 67.90 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഗോദയിലിറങ്ങിയത്.
ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഐഎൻഎൽഡി-ബിഎസ്പി, ജെജെപി-ആസാദ് സമാജ് പാർട്ടി സഖ്യങ്ങളാണ് മത്സരരംഗത്തുള്ള പ്രധാന കക്ഷികൾ. മുഖ്യമന്ത്രി നയാബ് സിങ് സൈനി (ലദ്‌വ), പ്രതിപക്ഷ നേതാവ് ഭൂപീന്ദർ ഹൂഡ (ഗാർഹി സാംപ്ല-കിലോയ്), ഐഎൻഎൽഡിയുടെ അഭയ് ചൗട്ടാല (എല്ലെനാബാദ്), ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല (ഉചന കലൻ), ബി ജെ പിയുടെ അനിൽ വിജ് (അംബാല കാൻ്റ്), കോൺഗ്രസിൻ്റെ വിനേഷ് ഫോഗട്ട് (ജൂലാന) തുടങ്ങിയ പ്രമുഖരാണ് ജനവിധി തേടിയിട്ടുള്ളത്.
