അൻവർ ഉയർത്തുന്ന ജില്ലാവിഭജനം മതരാഷ്ട്ര കാഴ്ചപ്പാടുള്ള പ്രസ്ഥാനങ്ങളുടേത്

0
832

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജനാധിപത്യരീതികളെ തകർക്കുന്ന പ്രവർത്തനമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വിമർശിച്ചു. പി.വി അൻവർ ഉയത്തുന്ന ജില്ലാ വിഭജനം മതരാഷ്ട്ര കാഴ്ചപ്പാടുകളുള്ള പ്രസ്ഥാനങ്ങളുടേതാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.

മലപ്പുറത്തെ സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ചർച്ചക്ക് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയാറായിട്ടും അതിനു കൂട്ടാക്കാതെ കീഴ്‌വഴക്കങ്ങളെ പ്രതിപക്ഷം കാറ്റിൽ പറത്തി. പ്രതിപക്ഷം കേരള നിയമസഭയ്ക്ക് തീരാകളങ്കം ഉണ്ടാക്കിയെന്നും സിപിഎം വിമർശിച്ചു.

മലപ്പുറത്തിന്റെ വികസനത്തിന് മാത്രമല്ല സംഘ്പരിവാറിന്റെ മതരാഷ്ട്രവാദങ്ങളെ പ്രതിരോധിക്കുന്നതിനും സിപിഎം മുൻപന്തിയിലുണ്ടായിരുന്നു. ഇതിന്റെ ഫലമായി 218 പാർട്ടി പ്രവർത്തകരാണ് സംസ്ഥാനത്ത് രക്തസാക്ഷിത്വം വരിച്ചത്.

1921ലെ കാർഷിക കലാപകാരികളെ അക്രമികളെന്ന് പറഞ്ഞ് തള്ളിക്കളയുന്ന നിലപാടാണ് പൊതുവിൽ കോൺഗ്രസ് സ്വീകരിച്ചത്. പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി മലപ്പുറം ജില്ല രൂപീകരണം നടന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ സംഘ്പരിവാറിനൊപ്പം കോൺഗ്രസും ഉണ്ടായിരുന്നു.

ആർഎസ്എസ് ശാഖ സംരക്ഷിക്കുന്ന കെപിസിസി പ്രസിഡന്റും, ആർഎസ്എസ് സ്ഥാപകന്റെ ശതാബ്ദി ഉദ്ഘാടനം ചെയ്യുന്ന പ്രതിപക്ഷ നേതാവും ഈ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നും പ്രസ്താവനയിൽ വിമർശിച്ചു.