ലോക്കൽ കമ്മിറ്റി യോഗത്തിനിടെ കയ്യാങ്കളി; 11 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി

0
1151

കൊച്ചി: ലോക്കൽ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളിയുണ്ടായതിനെ തുടർന്ന് 11 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി. എറണാകുളം പൂണിത്തുറ ലോക്കൽ കമ്മറ്റി യോ​ഗത്തിലെ കയ്യാങ്കളിയെ തുടർന്നാണ് നടപടി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 11 ബ്രാഞ്ച് സെക്രട്ടറിമാരെയാണ് മാറ്റിയത്. എന്നാൽ സംഘടനാ മാനദണ്ഡ പ്രകാരമാണു മാറ്റിയതെന്നാണു വിശദീകരണം. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് വിഷയം പരിഗണിച്ചേക്കും. 17 ബ്രാഞ്ചുകളാണ് പൂണിത്തുറയിൽ ഉള്ളത്. ഇതിൽ പതിനാറിലും സമ്മേളനം കഴിഞ്ഞു. പഴയ കമ്മിറ്റിയിലെ 8 ബ്രാഞ്ച് സെക്രട്ടറിമാർ വിഭാഗീയതയുടെ ഭാഗമായി ചുമതല ഒഴിയുന്നതായി കാണിച്ചു നേരത്തേ പാർട്ടിക്കു കത്തു നൽകി.

ഇതിൽ മൂന്നു പേർ പുതിയ ബ്രാഞ്ച് സെക്രട്ടറിമാരായി നിർദേശിക്കപ്പെട്ടു. ബാക്കിയുള്ളവർ പല കാര്യങ്ങളിലും പാർട്ടി വിരുദ്ധ നിലപാട് എടുത്തിരുന്നവരാണെന്നാണു ഔദ്യോഗിക വിശദീകരണം. ഇവരെ മാനദണ്ഡപ്രകാരം സെക്രട്ടറിമാരാക്കാൻ പറ്റില്ലെന്നു നിർദേശം നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. സെക്രട്ടറിമാരെ മാറ്റിയ കമ്മിറ്റികളിൽ പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുക്കും. കടുത്ത വിഭാഗീയതയും തർക്കവുമാണു പൂണിത്തുറ സിപിഎമ്മിൽ ഉടലെടുത്തിരിക്കുന്നത്.