അന്‍വറിനെ കേള്‍ക്കാന്‍ മഞ്ചേരിയിലും ജനക്കൂട്ടം

0
1305

മലപ്പുറം: കേരള രാഷ്ട്രീയത്തിൽ പുതിയ പരീക്ഷണങ്ങൾക്കൊരുങ്ങി പി.വി അൻവർ എംഎൽഎ. പുതിയ സംഘടനയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ പ്രഖ്യാപനം ഉടനുണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതിനു പിന്നാലെ സെപ്റ്റംബർ 29ന് നിലമ്പൂരിലെ സ്വന്തം തട്ടകത്തിൽനിന്ന് ആരംഭിച്ച പൊതുജന സംഗമങ്ങളുടെ തുടർച്ചയായി മഞ്ചേരിയിൽ പ്രഖ്യാപിച്ച വിശദീകരണയോഗം ഏതാനും നിമിഷങ്ങൾക്കകം ആരംഭിക്കും.

മാറാൻ സമയമായി എന്ന തലക്കെട്ടോടെയാണ് അൻവർ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പൊതുയോഗങ്ങൾ പ്രഖ്യാപിച്ചത്. എഡിജിപി എം.ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങൾ വിശദീകരിച്ചാണ് അൻവറിന്റെ പൊതുയോഗങ്ങൾ നടക്കുന്നത്.

നിലമ്പൂർ ചന്തക്കുന്നിലെ പരിപാടിക്കുശേഷം അരീക്കോട്ടും യോഗം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നത്തെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു.

അൻവറിനെ ശ്രവിക്കാനായി നാടിന്റെ നാനാഭാഗങ്ങളിൽനിന്നായി നിരവധി പേർ ഇതിനകം തന്നെ വേദിയിലെത്തിക്കഴിഞ്ഞിട്ടുണ്ട്. ഡിഎംകെ പതാകയുമായാണു പലരും എത്തിയത്.

തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ, നീലഗിരി തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽനിന്ന് നിരവധി ഡിഎംകെ പ്രവർത്തകർ എത്തിയതായും റിപ്പോർട്ടുണ്ട്. സംഘടനാ പ്രഖ്യാപനത്തിനു പുറമെ പുതിയ വെളിപ്പെടുത്തലുകളോ ആരോപണങ്ങളോ ഉണ്ടാകുമോ എന്നാണു രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.