മലപ്പുറം പരാർമശം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും മുസ്‍ലിം സംഘടനകളും, പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും

0
1390

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ വിമർശനം ശക്തം. പ്രതിപക്ഷവും മുസ്‍ലിം സംഘടനകളും രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിയെ വിമർശിച്ചത്. സംഘപരിവാറിന് ഗുണം ചെയ്യുന്നതാകും മുഖ്യമന്ത്രിയുടെ പരാമർശമെന്നാണ് മുസ്‍ലിം സംഘടകളുടെ വിലയിരുത്തൽ. ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിനിടെ നൽകിയ പരാമർശത്തിലൂടെ മലപ്പുറത്തെ തീവ്രവാദത്തിന്റെ കേന്ദ്രമാക്കിയ മുഖ്യമന്ത്രിയുടെ നടപടി ദേശീയ തലത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതെന്നാണ് വിലയിരുത്തൽ.

സംഘപരിവാർ നടത്തിവന്നിരുന്ന പ്രചരണങ്ങളെ ശരിവെക്കുന്നതിന് തുല്യമാണ് മുഖ്യന്ത്രിയുടെ വാക്കുകളെന്നും വിമർശനമുണ്ട്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണെങ്കിലും ഇത്തരം നീക്കം അപകടകരമാണെന്നാണ് പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘടനകളുടെയും നിലപാട്.

സിപിഎമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന കാന്തപുരം എ.പി വിഭാഗവും മുഖ്യമന്ത്രിയുടെ പ്രസ്താനവക്കെതിരെ രംഗത്തുവന്നു. മുഖ്യമന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കോൺ​ഗ്രസ് കമ്മറ്റിയും രം​ഗത്തെത്തി. മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗും വെൽഫയർ പാർട്ടിയും പ്രതിഷേധ മാർച്ചുകൾ നടത്തി. ഇന്ന് യൂത്ത് ലീഗ് പ്രാദേശിക തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കൂടുതൽ പ്രതിഷേധം വരും ദിവസങ്ങളിലും ഉണ്ടാകുമെന്നാണ് സൂചന.

ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രി മലപ്പുറത്തെ ഭീകരവത്കരിക്കുകയാണെന്നാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ആരോപണം. മലപ്പുറത്ത് നിന്നൊരാൾ തനിക്കും പാർട്ടിക്കും നേരെ തെളിവുസഹിതം ചില ചോദ്യങ്ങളുയർത്തിയതിന് ആ ജില്ലയെയൊന്നടങ്കം ഭീകരവത്കരിച്ച് മറികടക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അതിരുകവിഞ്ഞതാണെന്ന് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതി അഭിപ്രായപ്പെട്ടു.