500 രൂപാ നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍; 1.60 കോടി രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടി

0
1696

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടി. ഗാന്ധിജിക്ക് പകരം ബോളിവുഡ് നടന്‍ അനുപം ഖേറിന്‍റെ ചിത്രമാണ് നോട്ടില്‍ അച്ചടിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന് പകരം ‘റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ’ എന്നും എഴുതിയിരിക്കുന്നു.

വ്യാജ നോട്ടുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പലരും സംഭവത്തിൽ ഞെട്ടല്‍ പ്രകടിപ്പിക്കുകയും ചിലര്‍ ഇത് തമാശയായി കാണുകയും ചെയ്തു. സംഭവത്തില്‍ അജ്ഞാതർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് അഹമ്മദാബാദ് സിറ്റി പൊലീസ് അറിയിച്ചു.

അഹമ്മദാബാദിലെ മനേക് ചൗക്കിൽ ബുള്ളിയൻ സ്ഥാപനം നടത്തുന്ന മെഹുൽ തക്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2,100 ഗ്രാം സ്വര്‍ണം വേണമെന്ന ആവശ്യവുമായി പ്രതികള്‍ തക്കറിനെ സമീപിച്ചിരുന്നു. സെപ്തംബർ 24ന് നവരംഗ്പുര ഏരിയയിലെ സിജി റോഡിലെ ഒരു കൊറിയർ സ്ഥാപനത്തിൽ സ്വർണം എത്തിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു.

ഇതുപ്രകാരം തക്കര്‍ സ്വര്‍ണവുമായി തന്‍റെ രണ്ട് ജീവനക്കാരെ ഓഫീസിലേക്ക് അയച്ചു. വിലയായി 1.3 കോടിയുടെ പണമടങ്ങിയ ഒരു പ്ലാസ്റ്റിക് കവര്‍ പ്രതികള്‍ ജീവനക്കാര്‍ക്ക് നല്‍കുകയും ചെയ്തു. നോട്ടെണ്ണല്‍ മെഷീനില്‍ നോട്ടുകള്‍ എണ്ണാനും ആവശ്യപ്പെട്ടിരുന്നു.