രാത്രി 10 മുതൽ രാവിലെ ഏഴ് വരെ സ്ലീപ് മോഡ്; ടീൻ അക്കൗണ്ടുമായി ഇൻസ്റ്റ​ഗ്രാം

0
591

ന്യൂയോർക്ക്: കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന വിമർശനത്തിൻ്റെ നിഴലിലായിരുന്നു സമൂഹമാധ്യമമായ ഇൻസ്റ്റ​ഗ്രാം ഇതുവരെ. എന്നാൽ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കമ്പനിയിപ്പോൾ.

കൗമാരക്കാരെ നിയന്ത്രിക്കാൻ ടീൻ അക്കൗണ്ട് ഫീച്ചറുമായാണ് കമ്പനി രം​ഗത്തെത്തിയിരിക്കുന്നത്. മാതാപിതാക്കളുടെ മാർ​ഗനിർദേശത്തിൽ കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്ന് ഇൻസ്റ്റ​ഗ്രാം അഭിപ്രായപ്പെട്ടു.

പുതിയ സംവിധാനം ഇതിനോടകം കമ്പനി നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ന് മുതൽ ഇൻസ്റ്റാഗ്രാമിൽ സൈൻ അപ്പ് ചെയ്യുന്ന കൗമാരക്കാരെ ടീൻ അക്കൗണ്ടുകളിലേക്ക് ഉൾപ്പെടുത്താൻ തുടങ്ങുമെന്ന് മെറ്റാ പ്ലാറ്റ്‌ഫോം അറിയിച്ചു. ഈ മാറ്റങ്ങളെക്കുറിച്ച് ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരെ അറിയിക്കുകയും ചെയ്യും. നിലവിലുള്ള അക്കൗണ്ടുകൾ അടുത്തയാഴ്ച മുതൽ ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.