അജ്മാൻ: വീട്ടുജോലിക്കായി എറണാകുളം കോതമംഗലത്ത് നിന്ന് യുഎഇയിലെത്തിയ സ്ത്രീ കഴിഞ്ഞ ഒരാഴ്ചയിലേറെയായി വീസ ഏജന്റായ ശ്രീലങ്കക്കാരന്റെ തടങ്കലിൽ. ഇവരുടെ മോചനത്തിനായി നാട്ടിലുള്ള ഭർത്താവും ഇടവകയിലെ വികാരിയും യുഎഇ അധികൃതരുടെയും ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന്റെയും മലയാളി സാമൂഹിക പ്രവർത്തകരുടെയും സഹായം തേടുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നാല് മാസം മുൻപാണ് 50 വയസ്സുകാരിയായ സ്ത്രീ വീട്ടുജോലിക്കായി യുഎഇയിലെത്തിയത്. അജ്മാനിൽ സെയിൽസ്മാനായ മലപ്പുറം സ്വദേശി ഷംസുദ്ദീനാണ് ഇവരെ ഇവിടേക്കു കൊണ്ടുവരാൻ വഴിയൊരുക്കിയത്. അജ്മാൻ മത്സ്യ വിപണിയുടെ പരിസരത്തുള്ള സിറ്റി ലൈഫ് അൽ ഖോർ കെട്ടിടത്തിനടുത്ത് പ്രവർത്തിക്കുന്ന ശ്രീലങ്കക്കാരന്റെ വീസ ഏജന്‍സി ഓഫിസ് ഷംസുദ്ദീൻ വഴി കോതമംഗലത്തുകാരിക്ക് സന്ദർശക വീസ അയച്ചുകൊടുക്കുകയായിരുന്നു.
താനിതിന് മുൻപും ഇതുപോലെ രണ്ടുമൂന്ന് പേർക്ക് ജോലി ശരിയാക്കി നൽകിയിട്ടുണ്ടെന്ന് ഷംസുദ്ദീൻ പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. അവരെല്ലാം ഇപ്പോഴും യാതൊരു പ്രശ്നവുമില്ലാതെ വീട്ടുജോലി ചെയ്തു കഴിയുന്നു. ആയിരം മുതൽ രണ്ടായിരം ദിര്‍ഹം വരെ കമ്മീഷൻ കിട്ടുന്നത് കൊണ്ടാണ് ഞാനീ പരിപാടിക്ക് മുതിരുന്നത്. എന്നാൽ, ഈ ശ്രീലങ്കക്കാരൻ ഇത്രയും വലിയ ചതിയനാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് ഇൗ യുവാവ് പറയുന്നു. കോതമംഗലത്തുകാരി വന്നയുടനെ എംപ്ലോയ്മെന്റ് വീസ നടപടികൾ ആരംഭിക്കുകയും തുടർന്ന് സ്വദേശി ഭവനത്തിൽ ജോലി ലഭിക്കുകയും ചെയ്തു.
പക്ഷേ, മറ്റെന്തൊക്കോയെ ലക്ഷ്യം വച്ച് ശ്രീലങ്കക്കാരൻ സ്ത്രീയുടെ വീസ നടപടികൾ പൂർത്തിയാക്കാൻ മുതിർന്നില്ല. ഇതാണ് ഷംസുദ്ദീനിൽ സംശയമുളവാക്കുന്നത്. അതേസമയം, ഇവരെ നാട്ടിൽ നിന്ന് പറഞ്ഞുവിട്ട വീസാ ഏജൻസി സ്ത്രീയുടെ ഇപ്പോഴത്തെ അവസ്ഥയോട് കൈമലർത്തുന്നു. എല്ലാം പറഞ്ഞു മനസ്സിലാക്കിയാണ് അവരെ പറഞ്ഞുവിട്ടതെന്നും അവിടെയെത്തിയ ശേഷം സ്ത്രീ ജോലി ചെയ്യാത്തതാണ് പ്രശ്നമെന്നും ജീവനക്കാരി ആതിര പറഞ്ഞു. ഇവിടെ നിന്ന് പറഞ്ഞുവിടുന്നതോടെ ഏജൻസിയുടെ ജോലി കഴിഞ്ഞു എന്ന നിലപാടാണ് ഇവരെടുക്കുന്നത്.
∙മുളകുപൊടി കുപ്പിയിലാക്കിയപ്പോൾ തുമ്മി; പിന്നെ സംഭവിച്ചത്
ഒരു ദിവസം മുളകുപൊടി കൈകാര്യം ചെയ്യുമ്പോൾ തുമ്മിയതാണ് തന്നെ ജോലി ചെയ്യുന്ന വീട്ടുകാർക്ക് അനഭിമതയാക്കിയതെന്ന് കോതമംഗലത്തുകാരി പറഞ്ഞു. വൈകാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഏജൻസിക്കാരനായ ശ്രീലങ്കക്കാരൻ തുടർന്ന് അവരെ തന്റെ കീഴിൽ മുറിയിൽ അടച്ചിടുകയായിരുന്നു. വളരെ പരുക്കനായാണ് ഇയാൾ ഇവരോട് പെരുമാറുന്നത്. മുളകുപൊടി കൈകാര്യം ചെയ്യുമ്പോൾ തുമ്മിപ്പോയതാണെന്നും വേറെ യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്നും ആവർത്തിച്ച് പറഞ്ഞെങ്കിലും ബോധിച്ചില്ല.
ഇതോടെ ദേഷ്യത്തിലായ ശ്രീലങ്കക്കാരനും ഇവരുടെ ഭാര്യയും കൂടെ താമസിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഞാനീ സ്ത്രീയെ എന്റെ കെയറോഫിൽ താമസിപ്പിക്കുന്നു. ഇതിനെനിക്ക് ചെലവുകളുണ്ട്. അതാര് തരും? കോതമംഗലത്തുകാരി ജോലി സ്ഥലത്ത് നിന്ന് മടങ്ങിയതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് ശ്രീലങ്കക്കാരൻ പറയുന്നു.
∙ഒന്നുകിൽ ജോലി, അല്ലെങ്കിൽ നാട്
കഴിഞ്ഞ രണ്ടാഴ്ചയോളമായി ശ്രീലങ്കക്കാരന്റെ അജ്മാനിലെ താമസ സ്ഥലത്താണ് കോതമംഗലത്തുകാരി താമസിക്കുന്നത്. ഒന്നുകില്‍ പഴയ വീട്ടിൽ ജോലി ചെയ്യാൻ അനുവദിക്കുക. അല്ലെങ്കിൽ വേറെ സ്ഥലത്ത് ജോലി തരിക–തന്റെ അഭ്യർഥന പരിഗണിക്കാത്ത ശ്രീലങ്കക്കാരൻ ഒരു ലക്ഷം രൂപ കിട്ടിയാലെ സ്വതന്ത്രയാക്കൂ എന്നാണ് പറയുന്നതെന്ന് ഇവര്‍ പറഞ്ഞു. ബന്ധപ്പെടുന്നവരോടെല്ലാം ദേഷ്യപ്പെടുന്ന ഇയാൾ ഇതേ കാര്യമാണ് ആവർത്തിക്കുന്നതും.
ദുരിതത്തിലായ സ്ത്രീയുടെ ഭര്‍ത്താവ്, കോതമംഗലം കുട്ടമ്പുഴയിലെ വികാരി കെ.വൈ.നിഥിനെ പതിവായി കണ്ടുമുട്ടാറുണ്ട്. നേരത്തെ ഗൾഫിൽ ജോലി ചെയ്തിട്ടുള്ള സ്ത്രീ പിന്നീട് നാട്ടിലേക്കു മടങ്ങുകയും മാസങ്ങൾക്ക് ശേഷം യുഎഇയിലേക്ക് വീട്ടുജോലിക്കായി പുറപ്പെടുകയുമായിരുന്നു. യുഎഇയിലേക്ക് പുറപ്പെടുംമുൻപ് പ്രാർഥിക്കാൻ വീട്ടിലേയ്ക്ക് ക്ഷണിച്ചപ്പോഴാണ് താനിക്കാര്യം അറിയുന്നതെന്ന് വികാരി പറഞ്ഞു. പിന്നീട്, ഭാര്യ യുഎഇയിലെത്തിയെന്നും സ്വദേശി ഭവനത്തിൽ ജോലി ലഭിച്ചെന്നുമൊക്കെ അറിയിച്ചിരുന്നു.
കോതമംഗലത്ത് നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന കുട്ടമ്പുഴയിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ചെറുകിട ജോലികൾ ചെയ്താണ് മിക്കവരും ഉപജീവനം നടത്തുന്നത്. പ്രതിസന്ധിയിലായ സ്ത്രീയുടെ ഭർത്താവ് സ്ഥലത്തെ റബർ കമ്പനിയിലെ ജോലിക്കാരനായിരുന്നു. എന്നാൽ, ജോലി എപ്പോഴും ഉണ്ടാകണമെന്നില്ല. മൂന്ന് മക്കളാണ് ദമ്പതിമാർക്കുള്ളത്. മൂത്ത മകൾ വിവാഹിതയായി. താഴെയുള്ള രണ്ടാൺമക്കൾ വിദ്യാർഥികളാണ്. ഇവരുടെ ഭാവിക്കും കെട്ടുറപ്പുള്ള നല്ലൊരു വീട് നിർമിക്കണമെന്നുമുള്ള ലക്ഷ്യത്തോടെയായരുന്നു ഇവർ യുഎഇയിലേയ്ക്ക് വന്നത്. പക്ഷേ, സ്ത്രീ ശ്രീലങ്കക്കാരന്റെ തടങ്കിലിലായ സാഹചര്യം തന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്ന് വികാരി പറഞ്ഞു. യുഎഇയിലെ ഇന്ത്യൻ നയതന്ത്രാകാര്യാലയങ്ങളും സാമൂഹിക പ്രവർത്തകരും മറ്റും ചേർന്ന് പൊലീസിന്റെ സഹായത്തോടെ സ്ത്രീയെ രക്ഷപ്പെടുത്തുമെന്ന വിശ്വാസവും ഫാദർ പങ്കുവച്ചു.
ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക(http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റിപ്പോർട്ട്: മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചത്
