പരസ്പരമുള്ള വിമർശനങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ആശംസകളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. “പിഎം നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ. നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു, എന്ന് രാഹുൽ ഗാന്ധി എക്‌സിൽ പോസ്റ്റ് ചെയ്തു.
രാജ്യത്തെക്കുറിച്ച് അമേരിക്കയിൽ നടത്തിയ പ്രസ്താവനകളിൽ ബിജെപിയും ഭരണകക്ഷി നേതാക്കളും വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ആശംസയുമായി എത്തുന്നത്.
പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തിൽ പ്രതിപക്ഷ പാർട്ടികളിലെ നിരവധി നേതാക്കളും ആശംസകൾ നേർന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ എന്നിവരും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു. ബിജെപി നേതാക്കളും മോദിക്ക് ജന്മദിനാശംസകൾ നേർന്നു.
അതേസമയം രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവനകളിൽ വിമർശനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. രാഹുലിന്റെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ വിമർശനം. വിദ്വേഷം കൊണ്ടുനടക്കുന്ന ചിലർ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിഷേധാത്മകത കൊണ്ട് നിറഞ്ഞ ചിലർ ഇന്ത്യയുടെ ഐക്യത്തെ തകർക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്വേഷം കൊണ്ടുനടക്കുന്നവർ ഇന്ത്യയേയും ഗുജറാത്തിനേയും അപകീർത്തിപ്പെടുത്താനുള്ള ഒരു അവസരവും നഷ്ടപ്പെടുത്തുന്നില്ല. രാജ്യത്തെ തകർക്കാനാണ് അവർ ആഗ്രഹിക്കുന്നത് എന്നും മോദി പറഞ്ഞു.
അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി മോദി സർക്കാരിനും ആർഎസ്എസിനുമെതിരെ നിരവധി പരാമർശങ്ങൾ നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായെന്നും, സ്ത്രീകൾ വീട്ടിലിരിക്കാനുള്ളവർ ആണെന്നാണ് ആർഎസ്എസ് കരുതുന്നതെന്നടക്കം നിരവധി വിവാദ പ്രസ്താവനകളാണ് രാഹുൽ ഗാന്ധി നടത്തിയത്.
