‘അൻവറിന്റെ ആരോപണങ്ങളിൽ വേണ്ടത് ഭരണതലത്തിലുള്ള അന്വേഷണം; എം.വി.ഗോവിന്ദന്‍

0
893

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ ഭരണതലത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അന്‍വര്‍ ഉന്നയിച്ചതു ഭരണതലത്തിലുള്ള വീഴ്ചയുമായി ബന്ധപ്പെട്ടുള്ള വിഷയമാണ്.

ഭരണതലത്തില്‍ തന്നെ പരിശോധന നടക്കണമെന്നാണു പാര്‍ട്ടിയുടെ നിലപാട്. അത്തരത്തില്‍ അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഡിജിപി നേതൃത്വം നല്‍കുന്ന സംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ലഭിക്കുന്നൊണ് വ്യക്തമാകുന്നത്.

ആ ഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ഏതെങ്കിലും കാര്യത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷിക്കേണ്ട കാര്യമുണ്ടെങ്കില്‍ പരിശോധിക്കും. തെറ്റായ നടപടി ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായി നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. പി.വി.അന്‍വര്‍ സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കും നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടേറിയറ്റ് പരിശോധിച്ചു. പരാതിയില്‍ ഉന്നയിച്ച പത്തനംതിട്ട എസ്പി സുജിത് ദാസിനെ സര്‍ക്കാര്‍  സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. 

സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.