തിരിച്ചുവരാന്‍ പി ജയരാജന്‍; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയേക്കും

0
607

തിരുവനന്തപുരം: സിപിഐഎമ്മില്‍ കരുത്തനായി തിരിച്ചുവരാന്‍ പി ജയരാജന്‍ ഒരുങ്ങുന്നു. സിപിഐഎം കൊല്ലം സമ്മേളനത്തോടെ പി ജയരാജന്‍ നേതൃനിരയില്‍ കരുത്തനായേക്കും. പി ജയരാജന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നല്‍കുമെന്നാണ് വിവരം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ ജയരാജന്‍ നിലവില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാണ്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ കെ മുരളീധരനോട് പരാജയപ്പെട്ട പി ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനവും തിരികെ നല്‍കിയിരുന്നില്ല. മത്സരിക്കാനായി പദവിയൊഴിഞ്ഞ പി ജയരാജന് പകരം എം വി ജയരാജനെ ചുമതലപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെയാണ് പി ജയരാജനെതിരെ വ്യക്തിപൂജ ആരോപണം വരുന്നത്. കണ്ണൂരിലെ പാര്‍ട്ടിയില്‍ പി ജയരാജന് ജനപിന്തുണയുണ്ടെങ്കിലും വിവാദങ്ങളെ തുടര്‍ന്നെല്ലാം സംസ്ഥാന നേതൃനിരയില്‍ സജീവമായിരുന്നില്ല.

മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരായ വൈദേകം റിസോര്‍ട്ട് വിവാദവും പാര്‍ട്ടിക്കുള്ളില്‍ വിടാതെ പിന്തുടര്‍ന്നത് പി ജയരാജനായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലും പി ജയരാജന്‍ ഇക്കാര്യം ഉന്നയിച്ചെന്നാണ് വിവരം. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തിയാണ് പി ജയരാജന്‍. നേരത്തെ കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായിട്ടും പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തത് ചര്‍ച്ചയായിരുന്നു.