‘പീഡന ആരോപണം വ്യാജം’; നിയമനടപടികളുമായി മുന്നോട്ടെന്ന് നിവിൻ പോളി

0
1214

കാെച്ചി: പീഡന പരാതിയില്‍ അടിസ്ഥാനമില്ലെന്ന് നടന്‍ നിവിന്‍ പോളി. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞത്. പരാതിക്കാരിയായ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണം അടിസ്ഥാന രഹിതമാണെന്ന് താരം പ്രതികരിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്‍.

‘പെട്ടെന്ന് വാർത്ത കണ്ടപ്പോള്‍ ബാധിച്ചു. നമുക്ക് കുടുംബം ഉള്ളതല്ലേ. എന്‍റെ ഭാഗത്ത് ന്യായമുണ്ട്. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന നൂറ് ശതമാനം ഉറപ്പുണ്ട്. ഓടി ഒളിക്കേണ്ട കാര്യമില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപരമായി നേരിടും. എത്ര നാളാണെന്ന് അറിയില്ല. ഏതറ്റം വരെയും പോരാടും. ആരോപണം സത്യമല്ലെന്ന് തെളിയിക്കും. എന്‍റെ കെെയ്യില്‍ തെളിവില്ല. പക്ഷെ, ഇവിടെ എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും വരാം. അവർക്ക് വേണ്ടി കൂടെയാണ് സംസാരിക്കുന്നത്. പ്രതികരിച്ചില്ലെങ്കില്‍ നീണ്ടു നീണ്ടു പോകും. ഏത് അന്വേഷണത്തിനും തയ്യാറാണ്. ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണ്’, നിവിന്‍ പോളി പറഞ്ഞു.

‘എനിക്ക് വേണ്ടി സംസാരിക്കാന്‍ വേണ്ടി ഞാനല്ലേയുള്ളൂ. നാളെ സത്യം തെളിഞ്ഞാല്‍ നിങ്ങള്‍ എന്റെ കൂടെ നില്‍ക്കണം. ഒരു മാസം മുമ്പ് സമാനമായ പരാതിയില്‍ പൊലീസ് വിളിച്ചിരുന്നു. എനിക്കറിയില്ലെന്നാണ് പറഞ്ഞത്. വ്യാജ കേസ് ആണെന്ന് പറഞ്ഞ് അത് അവസാനിപ്പിക്കുകയാണ് ചെയ്തത്. പരാതിക്കാരി പബ്ലിസിറ്റി വേണ്ടി ചെയ്തതാവാം എന്നാണ് പൊലീസുകാരന്‍ പറഞ്ഞത്. പിന്നീട് നിയമോപദേശം തേടിയപ്പോഴും സമാനമായ മറുപടിയാണ് ലഭിച്ചതെന്നും’, നിവിന്‍ പോളി പറഞ്ഞു.

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. പുതിയ പരാതിയുടെ ഉള്ളടക്കം അറിയില്ല. അന്ന് നേരിട്ട് ഹാജരാകാം എന്ന് പറഞ്ഞെങ്കിലും വേണ്ടെന്ന് പൊലീസ് അറിയിക്കുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു.