ദിവസവും മർദനം, ഭക്ഷണവും വെള്ളവും ഉറക്കവും നിഷേധിച്ചു; ഇസ്റാഈൽ സൈന്യം ക്രൂരമായി പീഡിപ്പിച്ചെന്ന് ഫലസ്തീൻ കുട്ടി​കൾ

0
1211

ഗസ: ഫലസ്തീനി കുട്ടികൾ ഇസ്രായേൽ ജയിലിൽ ക്രൂരമായ പീഡനത്തിനും അക്രമത്തിനും ഇരയാകുന്നതായി റിപ്പോർട്ട്. ഇസ്രായേലിലെ ജയിലുകളിൽ കുട്ടിക​ൾക്ക് നേരെ നടക്കുന്നത് കടുത്ത നീതിനിഷേധമാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഭക്ഷണമടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾ നിഷേധിക്കുന്നതിനൊപ്പം പൈശാചികമായ പെരുമാറ്റങ്ങളാണ് കുട്ടി​കളോട് ജയിൽ അധികൃതരും സൈന്യവും കാണിക്കുന്നതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബർ ഏഴിന് ശേഷം ജയിലുകളിൽ പീഡനം വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പട്ടിണിക്കിടൽ, ചികിത്സ നിഷേധിക്കൽ, ക്രൂരമായ മർദ്ദനം എന്നിവക്കിരയായതായി ജയിൽ മോചിതരായ ഫലസ്തീനി കുട്ടികൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

തുറങ്കലിലടക്കുമ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രമായിരുന്നു നീണ്ട പത്തുമാസത്തിന് ശേഷം ജയിൽ മോചിതനാകുമ്പോഴും ഹുസൈൻ ധരിച്ചിരുന്നത്. വെടിയേറ്റ​പ്പോൾ ഒഴുകിയ രക്തം അപ്പോഴും അവന്റെ പാന്റ്സിൽ ഉണങ്ങിപ്പിടിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലെ വാച്ച് ടവറിന് സമീപത്തുവെച്ചാണ് ഹുസൈന്റെ തുടയിൽ ഇ​സ്രാ​യേൽ സൈന്യം വെടിവെക്കുന്നത്.

പ്രാണവേദനയാൽ നിലത്തുവീണ ഹുസൈ​നെ രണ്ട് സൈനികർ ക്രൂരമായി മർദ്ദിച്ചു. ബോധം നഷ്ടപ്പെടും വരെ 16 കാരന്റെ തലയിൽ ബൂട്ടിട്ട് ചവിട്ടി. മൂന്ന് ദിവസത്തിന് ശേഷം ബോധംവരുമ്പോൾ അവൻ ആശു​പത്രികിടക്കയിലായിരുന്നു. വെടിയുണ്ട കാലിൽ നിന്ന് നീക്കിയിരുന്നു. ശസ്ത്രക്രിയകൾക്കും വിധേയനായിരുന്നു. മുറിവുണങ്ങാതെ വേദനയിൽ നീറിയ അവനെ അന്ന് തന്നെ ജയിലിൽ അടച്ചു.

ഗസയിൽ ഇസ്രായേൽ തുടർച്ചയായ ആക്രമണം അഴിച്ചുവിടുന്ന ഒക്ടോബർ ഏഴിന് ദിവസങ്ങൾക്ക് മുമ്പാണ് 16 കാരനെ കസ്റ്റഡിയിലെടുക്കുന്നത്. വർഷങ്ങളായി ഇസ്രായേൽ തടവിലാക്കിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് കുട്ടികളിൽ ഒരാളാണ് ഹുസൈൻ. ഏഴിന് ശേഷം റെയ്ഡുകളും സൈനികാക്രമണവും വ്യാപകമായതോടെ അറസ്റ്റ് ചെയ്യപ്പെടുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയായെന്നാണ് റിപ്പോർട്ട്.

ഫുട്ബോൾ ആയിരുന്നു ഹുസൈന്റെ ലഹരി. കൂട്ടുകാർക്കൊപ്പം അവൻ ഫുട്ബോൾ കളിച്ചിരുന്ന ആ ദിവസങ്ങളെ കണ്ണീരോടെയാണ് ഇപ്പോൾ ഓർക്കുന്നത്. കൂട്ടുകാരിൽ പലരെയും ഇസ്രായേൽ സൈന്യം കൊന്നുകളഞ്ഞു. അന്യായമായ ജയിൽ വാസത്തിനിടയിൽ മുറിവിലേറ്റ ക്രൂരമായ പീഡനം ഹുസൈനെ ഒരു മുടന്തനാക്കിയിരിക്കുന്നു. ഊന്നുവടിയുടെ സഹാ​യ​ത്തോടെ മാത്രമാണ് ഇപ്പോഴവന് നടക്കാൻ കഴിയുകയുള്ളു. ഊർജ്ജസ്വലമായി കൂട്ടുകാർക്കൊപ്പം ഓടിച്ചാടി നടന്നിരുന്ന അവനിപ്പോൾ ഒരു മുറിയിൽ ചുരുണ്ടുകൂടി കഴിയുകയാണ്. ‘എനിക്ക് ശരിയായി നടക്കാനോ എൻ്റെ സുഹൃത്തുക്കളെ കാണാനോ കഴിയുന്നില്ല’ ഹുസൈൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.