തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിനു പിന്നാലെ നടനും കൊല്ലം എം.എൽ.എയുമായ എം. മുകേഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷത്തിനു പുറമെ ഇടതുപക്ഷത്തിലെ കക്ഷികളും രാജിക്കായി സമ്മർദം ശക്തമാക്കിയിരിക്കുകയാണ്.
പാർട്ടി പ്രതിസന്ധിയിലാണെങ്കിലും രാജി വേണ്ടെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം എന്നാണു വിവരം. അതിനിടെ, കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ മുകേഷ് എവിടെയാണെന്നതിനെ കുറിച്ച് പാർട്ടി നേതൃത്വത്തിനും അറിവില്ല.
സി.പി.എം നേതൃത്വം നിലവിലെ സ്ഥിതിയിൽ മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന ധാരണയിലെത്തിയതായാണു വിവരം. പാർട്ടി നേതാക്കൾ മീഡിയവണിനോട് സൂചിപ്പിച്ചതും ഇതേ കാര്യം തന്നെയാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയായി ഏതെങ്കിലും ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഒരു എം.എൽ.എ രാജിവച്ചിട്ടില്ല. ഏറ്റവുമൊടുവിൽ കോൺഗ്രസ് നേതാക്കളായ എം. വിൻസെന്റ്, എൽദോസ് കുന്നപ്പിള്ളി എന്നിവർക്കെതിരെ ആരോപണം ഉയർന്നപ്പോഴും ഇവർ രാജിവച്ചിരുന്നില്ല.
അതേസമയം, കൊല്ലത്ത് പാർട്ടിൽ വ്യത്യസ്തമായ വികാരമാണുള്ളത്. എൽദോസിന്റെ വിഷയവുമായി മുകേഷിന്റെ കേസ് കൂട്ടിച്ചേർക്കാനാകില്ലെന്ന അഭിപ്രായമാണ് കൊല്ലത്തെ നേതാക്കൾ പലരും പങ്കുവയ്ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ സംസ്ഥാനത്ത് രൂപപ്പെട്ട പ്രത്യേകമായ സാഹചര്യവും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.
