കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡി. കോളജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ പ്രതിഷേധം തുടരവെ ഇത്തരം കേസുകളിൽ പ്രതികൾക്ക് ഏറ്റവും കർക്കശമായ ശിക്ഷ ഉറപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.
ബലാത്സംഗക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകുന്ന ബിൽ പാസാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. പാർട്ടിയുടെ വിദ്യാർഥി സംഘടനയായ തൃണമൂൽ ഛത്ര പരിഷ (ടി.എം.സി.പി)യുടെ സ്ഥാപകദിന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.
ബലാത്സംഗക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകുന്ന ബിൽ അവതരിപ്പിക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുമെന്നും മമത വ്യക്തമാക്കി. “ഞങ്ങൾ ബലാത്സംഗ വിരുദ്ധ നിയമങ്ങളുമായി ബന്ധപ്പെട്ട ബിൽ പാസാക്കും. കുറ്റകൃത്യം നടന്ന് ഏഴ് ദിവസത്തിനുള്ളിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്നതായിരിക്കും അത്. ബില്ലിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ കുത്തിയിരിക്കും- മമത അറിയിച്ചു.
കൊൽക്കത്ത ബലാത്സംഗ കൊലക്കേസിലെ പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ധർണയ്ക്ക് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി, ബലാത്സംഗക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും നിയമത്തിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് സെപ്തംബർ ഒന്നിന് പ്രതിഷേധിക്കാൻ എല്ലാ സ്ത്രീകളോടും അഭ്യർഥിക്കുന്നതായും പറഞ്ഞു.
സംഭവത്തിൽ ബംഗാളിൽ ബന്ദ് നടത്തുന്ന ബി.ജെ.പിക്കെതിരെയും മമത രംഗത്തെത്തി. ബി.ജെ.പിയുടെ ലക്ഷ്യം നീതിയല്ലെന്നും ബംഗാളിനെ അപകീർത്തിപ്പെടുത്തലാണെന്നും അവർ ചൂണ്ടിക്കാട്ടി. ബംഗാൾ ബന്ദ് നടത്തുന്ന ബി.ജെ.പി നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അവരുടെ പ്രവർത്തകർ പൊലീസിനെ ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയാണെന്നും മമതാ ബാനർജി കുറ്റപ്പെടുത്തി.
