ആലപ്പുഴ: ആലപ്പുഴയിൽ നവവധു ആസിയ (22)യെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. പിതാവിന്റെ മരണത്തെ തുടർന്നുണ്ടായ താങ്ങാനാവാത്ത മാനസിക വിഷമത്തിൽ മരണത്തെ പുൽകുന്നു എന്ന് ആസിയ ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യ കുറിപ്പാണ് വീട്ടിൽ നിന്നും കണ്ടെത്തിയത്.
ആസിയയുടെ വിവാഹത്തിന് നാല് മാസം മുമ്പായിരുന്നു പിതാവ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി വീടിന്റെ കിടപ്പുമുറിയിലെ ജനലിലാണ് ആസിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുമ്പോൾ ആസിയയുടെ ജീവന്‍ നഷ്ടമായിരുന്നു. വിരൽ അടയാള വിദഗ്ധരും ഫോറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. പിതാവിന്‍റെ മരണത്തിലെ മനോവിഷമത്തിൽ ആയിരുന്നു ആസിയ എന്ന് ബന്ധുക്കൾ പറയുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഖബറടക്കി.
ഡെന്‍റല്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ആസിയ. മൂവാറ്റുപുഴയില്‍ താമസിച്ച് ജോലി ചെയ്തുവരുന്ന ആസിയ ആഴ്ച്ചയില്‍ ഒരു ദിവസമാണ് ഭര്‍തൃവീട്ടില്‍ വരുന്നത്. ഇന്നലെ ഭര്‍ത്താവും മാതാപിതാക്കളും പുറത്ത് പോയി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് ഭര്‍ത്താവ്.
