കുട്ടികൾ കറുപ്പ് വസ്ത്രം ധരിക്കുന്നത് വിലക്കി സ്കൂൾ; മാനസ്സികാരോഗ്യത്തിനെന്ന് വിശദീകരണം

0
1114

ടെക്സസ്: കുട്ടികൾ കറുത്ത വസ്ത്രം ധരിക്കുന്നത് വിലക്കി ടെക്സസിലെ സ്കൂൾ. മാനസ്സിക ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കയുയർത്തിയാണ് സ്കൂൾ വിദ്യാർത്ഥികൾ കറുത്ത വസ്ത്രം ധരിക്കുന്നത് വിലക്കിയത്.

സ്കൂളിന്റെ ഈ തീരുമാനം വലിയ വിവാദമായിരിക്കുകയാണ്. “വിഷാദം, മാനസികാരോഗ്യ പ്രശ്നങ്ങൾ, ക്രിമിനൽ സ്വഭാവം എന്നിവയ്ക്കുള്ള കാരണമായി കണ്ട് കറുത്ത വസ്ത്രം നിരോധിക്കന്നു” എന്ന് കത്തിൽ സ്കൂൾ വിശദീകരിച്ചു.

ഈ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങൾ ശക്തമായ പ്രതിഷേധവും വിമർശനവുമാണ് ഉന്നയിക്കുന്നത്. കുട്ടികളുടെ ആരോഗ്യവും നിറവും തമ്മിൽ എന്ത് ബന്ധമാണെന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന ചോദ്യം. കുട്ടികൾ വ്യത്യസ്തമായ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് അവരെ തീർത്തും വ്യത്യസ്തരായ മനുഷ്യരാക്കില്ലെന്ന് മറ്റൊരു യൂസർ പ്രതികരിച്ചു.

കുട്ടികൾക്ക് ഇതിനോടകം തന്നെ കറുത്ത വസ്ത്രങ്ങൾ വാങ്ങിയ രക്ഷിതാക്കൾ സ്കൂളിന്റെ തീരുമാനത്തിൽ നിരാശ അറിയിച്ചു. എന്നാൽ കറുത്ത വസ്ത്രം പൂർണ്ണമായും നിരോധിച്ചിട്ടില്ലെന്നും കറുപ്പ് മാത്രം ധരിച്ച് എത്തുന്നതാണ് നിരോധിച്ചതെന്നും അധികൃതർ പ്രതികരിച്ചു. കുട്ടികളുടെ മാനസ്സിക ശാരീരിക സുരക്ഷ മുൻ നിർത്തിയാണ് തീരുമാനമെന്നുമാണ് വാദം.

ഇത്തരമൊരു തീരുമാനം ക്യാമ്പസ് ഇംപ്രൂവ്മെന്റ് ടീം ആണ് അംഗീകരിച്ചത്. അധ്യാപകർ, രക്ഷിതാക്കൾ, ജീവനക്കാർ, കമ്യൂണിറ്റി സ്റ്റേക്ക് ഹോൾഡേഴ്സ് എന്നിവരടങ്ങിയതാണ് ക്യാമ്പസ് ഇംപ്രൂവ്മെന്റ് ടീമെന്നും പ്രസ്താവനയിൽ സ്കൂൾ അറിയിച്ചു. പ്രതിഷേധം ഉയർന്നതോടെ തീരുമാനം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കൂടുതൽ വിശകലനം ചെയ്തശേഷമായിരിക്കും ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കുക.