താൽക്കാലിക പുനരധിവാസം ഒരുക്കും, പൊതുമരാമത്ത് വകുപ്പിൻ്റെ ക്വാർട്ടേഴ്സുകൾ ഉപയോഗിക്കാം

0
541

തിരുവനന്തപുരം: മുണ്ടക്കൈയിൽ ദുരന്തബാധിതരുടെ പുനരധിവാസം എന്ന ലക്ഷ്യത്തിലെത്തുന്നതുവരെ താൽക്കാലിക പുനരധിവാസം ഒരുക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫ്രീ ഫാബ് വഴി രണ്ട് മാസത്തിനുള്ളിൽ വീട് നിർമിക്കുന്നതിന് ആലോചിക്കുന്നുണ്ട്. ഇതിനായുള്ള പ്രാഥമിക ചർച്ച നടത്തി.

പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള 27 ക്വാർട്ടേഴ്സുകൾ താൽക്കാലിക പുനരധിവാസത്തിന് ഉപയോഗിക്കും. ഇതിൽ 64 കുടുംബങ്ങളെ താമസിപ്പിക്കാനാകും. നാളെ നടക്കുന്ന മന്ത്രി സഭാ യോഗത്തിൽ റിപ്പോർട്ട് തയ്യാറാക്കി നൽകും. എല്ലാ മേഖലയിലെയും അഭിപ്രായം പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മുണ്ടക്കൈയിൽ ഇതുവരെ 44 മൃതദേഹങ്ങളും 174 ശരീരഭാഗങ്ങളും സംസ്കരിച്ചുവെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ഇന്ന് രണ്ട് ശരീരഭാഗങ്ങൾ ലഭിച്ചു. സൺറൈസ് വാലിയിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. 16 ക്യാമ്പുകളിലായി 648 കുടുംബങ്ങളിൽ നിന്നുള്ള 2425 പേർ തുടരുന്നുണ്ട്. ജിവിഎച്ച്എസ് വെള്ളാർ മല സ്കൂളിലെ പഠനം ജിഎച്ച്എസ്എസ് മേപ്പാടിയിൽ തുടരും. 152 പേരെയാണ് കാണാതായിരിക്കുന്നത്.

കാണാതായവരുടെ കരട് പ്രസിദ്ധീകരിക്കും. ഇവരുടെ പേര് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കരട് പ്രസിദ്ധീകരിക്കുന്നതോടെ കാണാതായവരുടെ എണ്ണം കുറഞ്ഞേക്കും. ബന്ധുവീടുകളിൽ പോയവർ ചിലപ്പോൾ ഇതിലുണ്ടാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഒഴിഞ്ഞ് കിടക്കുന്ന വീടുകളും ഫ്ലാറ്റുകളും കണ്ടെത്തും. താൽക്കാലിക പുനരധിവാസത്തിനായി ഇത് പയോഗിക്കും. രാവിലെ മുതൽ 6 മേഖലകളിൽ തെരച്ചിൽ നടത്തിയവരുടെ ടീം ലീഡർമാരുടെ നേതൃത്വത്തിൽ സ്ഥലത്ത് പോയി വിലയിരുത്തും. മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലം സ്ഥിരമായി നിലനിർത്തും. അവിടെ ഫെൻസിങ് സ്ഥാപിക്കും. ഡിഎൻഎ ടെസ്റ്റ് നടത്താൻ രക്തസാമ്പിളുകൾ നൽകാൻ തയ്യാറാകണമെന്നും അവർ മുന്നോട്ട് വരണമെന്നും മന്ത്രി കെ രാജൻ ആവശ്യപ്പെട്ടു.