തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽ മൊബൈൽ ഫോൺ നഷ്ടമായവർക്ക് ഫോണും സിമ്മും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർട്ടിഫിക്കറ്റുകൾ നഷ്മായവർക്ക് അവ വീണ്ടെടുക്കാൻ ക്യാമ്പുകൾ സംഘടിപ്പിക്കും.
പുഞ്ചിരിമട്ടം മുതൽ ഉരുൾപൊട്ടിയ വഴിയിലൂടെയുള്ള തിരച്ചിൽ ചൊവ്വാഴ്ചയും തുടരുകയാണ്. സൈന്യം, വനംവകുപ്പ്, ഫയർ ഫോഴ്സ് എന്നീ സംഘങ്ങളാണ് തിരച്ചിൽ നടത്തുന്നത്.
സൺറൈസ് വാലിയിലേക്ക് തിരച്ചിൽ സംഘത്തെ എത്തിക്കുന്നത് ഹെലികോപ്റ്ററിലാണ്. തിരച്ചിൽ നടത്താത്ത ഒരു സ്ഥലവും ഉണ്ടാകാൻ പാടില്ല എന്ന തരത്തിലാണ് മുന്നോട്ടുപോകുന്നത്. ആകെ സ്ഥിരീകരിച്ച മരണസംഖ്യ 224 ആയി. തിരിച്ചറിയാത്ത 30 മൃതദേഹവും ശരീരഭാഗങ്ങളും സംസ്കരിച്ചു.
മൃതദേഹം സംസ്കരിക്കാൻ കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ വയനാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. മൃതദേഹങ്ങൾ ചാലിയാർ വഴി കടലിൽ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധന സ്വകാര്യ ലാബുകളിൽ ചെയ്യാൻ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്.
രക്ഷാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും നൽകുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. സ്കൂളുകളിലെ ക്യാമ്പുകളിലുള്ളവരെ മാറ്റിത്താമസിപ്പിക്കും.
ദുരന്തബാധിത മേഖലയിലെ വീടുകളിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ വീണ്ടെടുക്കാൻ അവസരം ഒരുക്കും. അപകടകരമായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള നിയമവശങ്ങൾ പരിശോധിക്കും. സൈന്യത്തിന്റെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ദുരന്തബാധിത മേഖലയിലേക്ക് രക്ഷാപ്രവർത്തകർ മാത്രമാണ് പോകുന്നതെന്ന് ഉറപ്പാക്കണം. 1174 പേരെ വിവിധ സേനകളിൽ നിന്നായി തിരച്ചിലിന് നിയോഗിച്ചിട്ടുണ്ട്.
തകർന്ന പൊതുകെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കാൻ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തും. പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ കാര്യം വിദഗ്ധർ പരിശോധിക്കും. 2391 പേർക്ക് കൗൺസിലിങ് നൽകി. മൊബൈൽ ഫോൺ നഷ്ടപ്പെട്ടവർക്ക് പുതിയ ഫോണും സിമ്മും നൽകും.
മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികൾക്കായി കുട്ടിയിടം എന്ന പ്രത്യേക പദ്ധതി നടപ്പാക്കും. ദുരന്തത്തിൻ്റെ നടുക്കുന്ന ഓർമകളിൽനിന്ന് കുട്ടികളെ മുക്തമാക്കുകയാണ് ലക്ഷ്യം.
വെള്ളാർമല സ്കൂളിലെയും ചൂരൽമല സ്കൂളിലെയും അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിശോധിക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ചുമതലപ്പെടുത്തി. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിലെ കുട്ടികൾക്കായി ഓൺലൈൻ ക്ലാസ് ആരംഭിച്ചു. ദുരിത ബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിൽ വെള്ളാർമല സ്കൂൾ അതേ പേരിൽ തന്നെ പുനർനിർമിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.