ഭക്ഷണ വിതരണം തടയില്ല, വൈറ്റ് ഗാർഡിന് സേവനം തുടരാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

0
1389

തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ ഇരകൾക്കും രക്ഷാപ്രവർത്തകർക്കും മുസ്ലിം ലീഗിന്റെ വൈറ്റ് ഗാർഡ് അടക്കമുള്ളവർ നൽകുന്ന ഭക്ഷണവിതരണം തടയില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംഘടനകൾക്ക് ഭക്ഷണം നൽകാമെന്നും സർക്കാർ വ്യക്തമാക്കി. സൈനികർക്ക് അടക്കമുള്ള ഭക്ഷണം നൽകുന്നതിന് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിന് വേണ്ടിയാണ് ഉത്തരവ് ഇറക്കിയതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വൈറ്റ് ഗാർഡ് മുസ്ലിം ലീഗിന്റേതാണ്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുമായി സംസാരിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയത് അന്വേഷിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. പുറത്തുനിന്ന് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നതിൽ ആർക്കും വിരോധമില്ല. അവരെ ബഹുമാനിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാവരും ഇപ്പോൾ ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. വൈറ്റ് ഗാർഡിനുണ്ടായ പ്രയാസങ്ങളെല്ലാം തീർത്തുവെന്നും മന്ത്രി പറഞ്ഞു.

‘വിഷയം സംഘാടകരുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് പൊലീസ് തങ്ങളോട് സ്വീകരിച്ച നിലപാട് ശരിയായില്ലെന്നാണ്, അങ്ങനെയൊരു സമീപനമാണ് സ്വീകരിച്ചിട്ടുളളതെങ്കിൽ അത് ശരിയല്ല, സർക്കാറിന്റെ നയത്തിന് വിരുദ്ധമായി ആരെങ്കിലും നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം’- മന്ത്രി കൂട്ടിച്ചേർത്തു. ‘യൂത്ത് ലീഗ് നേതൃത്വവുമായി സംസാരിച്ചു, ഊട്ടുപുര നടത്തുന്നതിന് ഒരു തടസ്സവുമില്ല, സൈനികർക്ക് കൊടുക്കുന്ന ഭക്ഷണം പരിശോധിക്കണമെന്ന് മാത്രമേയുള്ളൂ, അതല്ലാത്തവക്ക് തടസ്സമില്ല’, മന്ത്രി പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കാൻ ആരോ ശ്രമിക്കുകകയാണെന്നും അത് വകവെക്കാതെ ഇതുവരെയുളള ഐക്യത്തോടെ എല്ലാവരും മുന്നോ‌ട്ടുപോക‌‌ണമെന്നും മുഹമ്മദ് റിയാസ് അഭ്യർത്ഥിച്ചു.

മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലുൾപ്പെടെ പങ്കാളികളായവർക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി മേപ്പാടിയിൽ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് നടത്തിവന്ന ഊട്ടുപുരയാണ് സർക്കാർ പൂട്ടിച്ചത്. ഡി.ഐ.ജി തോംസൺ ജോസിന്റെ നിർദേശപ്രകാരമായിരുന്നു ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ്ഗാർഡ് അറിയിച്ചു. സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകർ പറഞ്ഞു. എന്നാൽ ഡി.ഐ.ജിയുടെ തള്ളപറയുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകർ, സൈനികർ, പൊലീസുകാർ, വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, മൃതദേഹം തിരയുന്ന ബന്ധുക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് സർക്കാർ നിർദേശത്തെ തുടർന്ന് പൂട്ടേണ്ടിവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകർ ഊട്ടുപുരയ്ക്ക് മുന്നിൽ ഫ്ലക്സ് കെട്ടിയിതിനെതുടർന്ന് സംഭവം വാർത്തയാകുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക