ഹനിയ്യയുടെ മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്ത് ഖത്തര്‍ അമീറും പിതാവും

0
2165

ദോഹ: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ അന്ത്യയാത്രയ്ക്കു സാക്ഷിയാകാന്‍ ആയിരങ്ങളാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് ഒഴുകിയെത്തിയത്. ദോഹയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ഖത്തര്‍ അമീര്‍ ഉള്‍പ്പെടെ ലോകനേതാക്കളും പ്രമുഖരും സംബന്ധിച്ചു. ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയയില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പ്രാര്‍ഥനയും നമസ്‌കാരവും നടന്നു.

ബുധനാഴ്ച പുലര്‍ച്ചെ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ കൊല്ലപ്പെട്ട ഇസ്മാഈല്‍ ഹനിയ്യയുടെ മൃതദേഹം വൈകീട്ടോടെ ഖത്തറിലെത്തിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12ഓടെ ഖത്തറിലെ ഏറ്റവും വലിയ പള്ളിയായ ദോഹയിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടന്നു. ഫലസ്തീന്‍ പതാകയില്‍ പൊതിഞ്ഞായിരുന്നു ജനാസ പള്ളിയിലെത്തിച്ചത്. ഫലസ്തീന്‍ വിമോചന പോരാട്ട നായകനെ യാത്രയാക്കാനായി ആയിരക്കണക്കിനു പേര്‍ ഇവിടെ എത്തിയിരുന്നു. ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ നമസ്‌കാരത്തിനു നേതൃത്വം നല്‍കി. വൈകീട്ട് മൂന്നോടെ ഖത്തറിലെ ലുസൈലില്‍ മയ്യിത്ത് ഖബറടക്കി.

ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീല്‍ചെയറിലാണ് ശൈഖ് ഹമദ് ചടങ്ങിനെത്തിയത്. ഖത്തര്‍ പ്രധാനമന്ത്രിയും വിശേദകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനി, ഇറാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് റിസ ആരിഫ്, തുര്‍ക്കി വൈസ് പ്രസിഡന്റ് സിവ്‌ദെത് യില്‍മാസ്, വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍, മലേഷ്യ ആഭ്യന്തര സഹമന്ത്രി ഷംസുല്‍ അന്‍വാര്‍, ഇന്തോനേഷ്യ മുന്‍ വൈസ് പ്രസിഡന്റ് യൂസുഫ് കല്ല, ഹമാസ് മുന്‍ തലവന്‍ ഖാലിദ് മിശ്അല്‍ തുടങ്ങി പ്രമുഖരും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു.