2034 ലോകകപ്പ് ഫുട്ബോൾ; റിയാദ് ജിദ്ദ നിയോം തുടങ്ങിയ അഞ്ചു നഗരങ്ങളിലെ 15 സ്റ്റേഡിയങ്ങളിൽ

0
1274

ജിദ്ദ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി അറേബ്യ സമർപ്പിച്ച ഫയലിലെ വിശദാംശങ്ങൾ ഫിഫ പുറത്തുവിട്ടു. റിയാദ്, ജിദ്ദ, അൽകോബാർ, അബഹ, നിയോം എന്നീ അഞ്ചു നഗരങ്ങളിലെ 15 സ്റ്റേഡിയങ്ങളാണ് മത്സരങ്ങൾക്ക് സജ്ജീകരിക്കുന്നത്. ഇതിൽ 11 എണ്ണം പൂർണമായും പുതുതായി നിർമിക്കുന്നവയാണ്.

ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്ന നഗരങ്ങളിലും സപ്പോർട്ടിംഗ് നഗരങ്ങളിലുമായി ഫുട്ബോൾ ആരാധകരുടെയും വി.ഐ.പികളുടെയും മാധ്യമപ്രവർത്തകരുടെയും ഫിഫ സംഘങ്ങളുടെയും താമസത്തിന് 2,30,000 ലേറെ ഹോട്ടൽ മുറികൾ ലഭ്യമാക്കും. മത്സരത്തിൽ പങ്കെടുക്കുന്ന 48 ടീമുകൾക്കും അവരെ അനുഗമിക്കുന്ന പ്രതിനിധി സംഘങ്ങൾക്കും 15 നഗരങ്ങളിൽ 72 സ്റ്റേഡിയങ്ങൾ ഉൾപ്പെടെ 132 പരിശീലന കേന്ദ്രങ്ങളുണ്ടാകും.

ഇവക്കു പുറമെ റഫറിമാരുടെ പരിശീലനത്തിന് രണ്ടു ആസ്ഥാനങ്ങളും ഒരുക്കുമെന്ന് സൗദി അറേബ്യ ഉറപ്പുനൽകിയിട്ടുണ്ട്. ഫിഫ ഫാൻ വെസ്റ്റിവൽ കേന്ദ്രങ്ങൾക്ക് ലോകത്തെ ഏറ്റവും വലിയ നഗര പാർക്ക് ആയ റിയാദിലെ കിംഗ് സൽമാൻ പാർക്ക് അടക്കം വ്യത്യസ്ത‌ത നഗരങ്ങളിലെ പത്തു കേന്ദ്രങ്ങൾ സൗദി അറേബ്യ മുന്നോട്ടുവെച്ചിട്ടുണ്ട്. മത്സരങ്ങൾ നടക്കുന്ന ഓരോ നഗരത്തിലും ഓരോ ഫാൻ ഫെസ്റ്റിവൽ കേന്ദ്രം വീതം ഫിഫ തെരഞ്ഞെടുക്കും.