ഉരുള്‍പൊട്ടലില്‍, ദുരന്തമുഖത്തുനിന്ന് ഉയര്‍ന്നുകേട്ടത് നിലവിളികള്‍. ‘ആരെങ്കിലും ഒന്നു ഓടിവരണേ, ഞങ്ങളെ രക്ഷിക്കണേ, ശ്വാസം കിട്ടണില്ല, മണ്ണിനടിയിലാണ്’ എന്ന വീട്ടമ്മയുടെ കരച്ചില്‍ ഹൃദയഭേദകമാണ്. ചൂരല്‍മല ടൗണിലെ ഒരു വീട്ടില്‍ ഭര്‍ത്താവും മകളും അകപ്പെട്ടതായി കരഞ്ഞുപറയുകയാണ് പ്രദേശവാസിയായ വീട്ടമ്മ.
‘ആരെങ്കിലും ഓടിവരണേ, ഞങ്ങളുടെ വീടുപോയി കൂടെയുള്ളയാളെ രക്ഷിക്കാന്‍ പറ്റുന്നില്ല. ചളിയുടെ ഉള്ളിലാണ്. അവര്‍ക്ക് ജീവനുണ്ടോ എന്ന് അറിയില്ല. മണ്ണിന്‍റെ ഉള്ളിലാണ്. ചളിയാണ് വായിലൊക്കെ. എങ്ങനെയെങ്കിലും അവരെയൊന്ന് രക്ഷിക്കണം’ എന്ന് കരഞ്ഞുപറയുകയാണ് വീട്ടമ്മ.
‘മുണ്ടക്കൈയില്‍ ഒരുപാട് ആള്‍ക്കാര്‍ മണ്ണിനടിയിലാണ്. രക്ഷപ്പെടാന്‍ വേണ്ടി ആളുകള്‍ പരക്കം പായുകയാണ്. വണ്ടിയെടുത്ത് ആരെങ്കിലുമൊക്കെ മേപ്പാടി ഭാഗത്തുനിന്ന് കൊണ്ടുവരാന്‍ പറ്റുമെങ്കില്‍ വേഗം വരീ’ എന്നും ഫോണുകളിലൂടെ കരഞ്ഞുപറയുകയാണ് വയനാട്ടുകാര്‍.
താമരശേരി ചുരത്തില്‍ നാലാം വളവില്‍ മണ്ണിടിഞ്ഞ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. ‘ചുരത്തില്‍ നിന്ന് വരാന്‍ യാതൊരു മാര്‍ഗവുമില്ല, ഭൂമി കുലുങ്ങുന്നുണ്ട്, മൂളക്കം മാത്രമാണ് കേള്‍ക്കുന്നത്. എന്ത് ചെയ്യണം എന്നറിയില്ല. രക്ഷപ്പെടുത്താനും വന്നുനോക്കാനും പറ്റാത്ത സാഹചര്യമാണുള്ളത്’ എന്ന ഫോണ്‍ സന്ദേശവും ദുരന്തമുഖത്തിന്‍റെ തീവ്രത വെളിപ്പെടുത്തുന്നു.
അതേസമയം വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് മരണം സ്ഥിരീകരിച്ചു. ചൂരല്‍മല സ്കൂളിനു സമീപത്തുനിന്ന് ഒരു മൃതദേഹം കിട്ടിയതായി രക്ഷാപ്രവര്‍ത്തകന്‍ അറിയിച്ചു.
