രാത്രിയെ വിറപ്പിച്ച് കേരളത്തിൽ അതിതീവ്ര മഴ: വയനാട് മേപ്പടിയിൽ ഉരുൾപൊട്ടിയതായി വിവരം; പലമേഖലകളും ഒറ്റപ്പെട്ടു

0
1690

കൽപ്പറ്റ: വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടിയതായി വിവരം. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ഉരുൾപൊട്ടിയത്. പിന്നീട് 4.10 ഓടെ വീണ്ടും ഉരുൾപൊട്ടിയതായാണ് റിപ്പോർട്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച് പോയതായി സൂചന. അഗ്നിരക്ഷാ സേന, എൻ.ഡി.ആർ.എഫ്. അടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. റോഡിൽ മരവും മണ്ണും വന്നടിഞ്ഞതിനാൽ സംഭവസ്ഥലത്തേക്ക് എത്തിച്ചേരൽ ദുഷ്കരമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബുൾഡോസറെത്തിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ഇവിടേക്കുള്ള പല സ്ഥലങ്ങളിലും റോഡുകൾ ഒലിച്ചു പോയതായും റിപ്പോർട്ടുകൾ ഉണ്ട്. ഇത് രക്ഷാ പ്രവർത്തകർക്ക് എത്തിപ്പെടാൻ പ്രയാസം ഉണ്ടാക്കിയേക്കും.

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെ ന്യുനമർദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നതും തെക്കു കിഴക്കൻ മധ്യ പ്രദേശിന്‌ മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതുമാണ് മഴയ്ക്ക് കാരണം. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയാണ് പെയ്യുന്നത്. ആളിയാർ ഡാം തുറന്നതിനെ തുടർന്ന് ചിറ്റൂർ പുഴയിലേക്ക് കൂടുതൽ വെള്ളമെത്തുന്നുണ്ട്. തൃശൂരിൽ പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. പൊരിങ്ങൽക്കുത്ത് ഡാമിൽ ആറാമത്തെ ഷട്ടർ തുറന്നു. വയനാട് ബാണാസുരസാഗർ അണക്കെട്ട് ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് തുറക്കും. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ടാണ്. 

കോഴിക്കോട് ജില്ലയില്‍ പുഴകളില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ചാലിപ്പുഴയിലെ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ചെമ്പ്കടവ് പാലം അടച്ചു. തുഷാരഗിരി, നൂറാംതോട് മലയില്‍ ചെറിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതാണ് ചാലിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ കാരണം. തിരുവമ്പാടി മുത്തന്‍പുഴയിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. അരിപ്പാറ വെള്ളച്ചാട്ടം നിറഞ്ഞൊഴുകുകയാണ്. ഈങ്ങാപ്പുഴയിൽ ദേശീയപാതയിൽ വെള്ളം കയറി.

കുറ്റ്യാടി മരുതോങ്കരയില്‍ ശക്തമായ കാറ്റില്‍ വൈദ്യുത ലൈനില്‍ തെങ്ങ് വീണ് തീപിടിച്ചു. റോഡില്‍ വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കരുവന്‍തുരുത്തി പെരവന്‍മാട് കടവിന് സമീപം തോണി മറിഞ്ഞു. തോണിയിലുണ്ടായിരുന്ന മൂന്നു പേരെയും നാട്ടുകാര്‍  രക്ഷപ്പെടുത്തി. കൊയിലാണ്ടി ഹാര്‍ബറിന് സമീപം മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരേയും മറ്റു വള്ളങ്ങളിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. കക്കയം ഡാമിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ ഡാമിന്റെ ഇരു ഷട്ടറുകളും തുറന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. എന്നാല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നും ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. കോഴിക്കോട് സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധിയില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക