കടൽ പോലെ ‘തിരയടിച്ച്’ ഗംഗാവലി നദി, പകച്ച് വിദഗ്ധസംഘവും; അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം പ്രതിസന്ധിയിലേക്ക്?

0
1209

ഷിരൂർ(കർണാടക): ഷിരൂർ കുന്നിനു സമീപത്ത് അർജുന്റെ ലോറി ഉണ്ടെന്നു കരുതുന്ന ഗംഗാവലി നദിയുടെ ശക്തമായ ഒഴുക്ക് അർജുനെയും ലോറിയെയും കണ്ടെത്താൻ പ്രതിസന്ധിയാവുന്നു. 10 കിലോ മീറ്ററിലേറെ വേഗത്തിലാണ് നദിയിൽ ഒഴുക്ക് തുടരുന്നത്. സാധാരണക്കാർക്ക് ഒരിക്കലും പുഴയിലിറങ്ങാൻ സാധിക്കാത്തത്രയും ഒഴുക്ക്. മുങ്ങൽ വിദഗ്ധർക്കു പോലും വെള്ളത്തിലെ ഒഴുക്കിൽ പിടിച്ചുനിൽക്കാനാവാത്ത സ്ഥിതി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പശ്ചിമഘട്ടത്തിന്റെ മുകളിൽനിന്നു നേരിട്ട് താഴേക്ക് പതിക്കുന്ന നദിയാണ് ഗംഗാവലി. ധാരാളം വെള്ളച്ചാട്ടങ്ങളും ഉറവകളും ഉള്ള പുഴ. ഇതാണ് ഇവിടെ ഇത്രയും ഒഴുക്ക് അനുഭവപ്പെടാൻ കാരണം. പുഴയിൽ പലയിടത്തും കടലിലെ പോലെ തിരകളും കാണാം. ഈ തീവ്രതയിൽ നദി മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് അപകടകരമായിരിക്കും.

വൈദഗ്ധ്യമില്ലാത്ത സാധാരണക്കാർ പുഴയിലിറങ്ങിയാൽ അതേപടി ഒഴുകിപ്പോകാനും മുങ്ങിപ്പോകാനും സാധ്യതയുണ്ട്. രക്ഷാ പ്രവർത്തന ബോട്ടുകൾ ഒഴുക്കിൽപെടാനും സാധ്യതയുണ്ട്. രക്ഷാപ്രവർത്തകർക്ക് ഒഴുക്കിനെതിരെ നീങ്ങുന്നതിന് ബുദ്ധിമുട്ടാണ്, ഇത് അപകടം ഉണ്ടാക്കാൻ സാധ്യതയുണ്ട്. വിവിധ ഉപകരണങ്ങൾ കൊണ്ടുപോകാനും ഇൻസ്റ്റാൾ ചെയ്യാനും ബുദ്ധിമുട്ടുണ്ടാകും.

മഴക്കാലത്ത് ഈ നദിയിൽ നാട്ടുകാർ കുളിക്കുകയോ നീന്തുകയോ ചെയ്യാറില്ല. മല മുകളിൽ നിന്ന് ഒഴുകിവരുന്ന മരത്തടികളും പാറകളും അപകടം സൃഷ്ടിക്കും. ബോട്ടുകളും പ്രവർത്തിപ്പിക്കുന്നത് അപൂർവം. പുഴയിലൂടെ വെള്ളം എത്ര വേഗത്തിൽ സഞ്ചരിക്കുന്നു എന്ന് അളക്കുന്ന യൂണിറ്റാണ് നോട്സ് (KNOTS). കപ്പലുകളുടെ വേഗത അളക്കുന്നതും നോട്സിലാണ്. ലോഗ് എന്ന ഉപകരണം പുഴയിൽ വെള്ളത്തിലേക്ക് താഴ്ത്തിവച്ചാണ് ഒഴുക്ക് അളക്കുന്നത്. 1–2 നോട്സ് ഒഴുക്ക് പോലും നദികളിൽ സുരക്ഷിതമല്ലാത്തപ്പോഴാണ് ഗംഗാവലിയിൽ 5 നോട്സിലേറെ വേഗത്തിൽ ഒഴുക്ക് നിലനിൽക്കുന്നത്. പലപ്പോഴും 7 നോട്സിനു മുകളിലേക്കും ഉയരുന്നു. ഇതാണ് നാവികസേനയുടെ വിദഗ്ധസംഘത്തെ പോലും പുഴയിലിറങ്ങാൻ പേടിപ്പിക്കുന്നത്.

∙ പുഴയിലെ മണ്ണ് നീക്കവും സാധ്യമായേക്കില്ല

നിലവിൽ പരിശോധന നടക്കുന്ന സ്ഥലത്ത്, ലോറി പാറക്കഷ്ണങ്ങളുടെയും ചെളിയുടെയും ഇടയിലാണെന്നാണ് കരുതുന്നത്. ഇവിടെ ലോറി പകുതി തകർന്ന നിലയിലും ഡ്രൈവിങ് കാബിൻ മുകളിലേക്ക് ഉയർന്ന നിലയിലുമാണെന്നാണ് നിഗമനം. ലോറിക്കരികിൽ എത്താനുള്ള നിലവിലെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ പുഴയിലെ മണ്ണും ചെളിയും ട്രജർ ബാർജുകളുപയോഗിച്ച് നീക്കാനുള്ള ശ്രമമാണ് സാധിക്കുക.

പക്ഷേ ഗോവ പോർട്ട് വഴിയുള്ള റൂട്ട് മഴ കാരണം അടച്ചിട്ടതിനാലും പുഴ വഴിയുള്ള ബോട്ട് ചാനലിൽ രണ്ട് പാലങ്ങൾ ഉള്ളതും മണ്ണ് നീക്കുന്ന ബാർജുകൾ എത്തിക്കാൻ പ്രതിസന്ധിയാണ്. അതിനാൽ ഇതും അസാധ്യം. മത്സ്യത്തൊഴിലാളി ഈശ്വർ മൽപേയുടെ നേതൃത്വത്തിൽ പരിശോധന തുടരുമെങ്കിലും കാര്യമായ ഫലപ്രാപ്തി ഉണ്ടാവുമെന്ന സൂചനകൾ നിലവിലില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കടപ്പാട്: മനോരമ ഓൺലൈൻ