തെല്‍ അവിവ്: ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. ഇന്നലെ മാത്രം അറുപതിലേറെ പേർ മരിച്ചു. വെടിനിർത്തൽ കരാറിൽ വ്യക്തത വരാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് അമേരിക്കയോട് ഇസ്രായേൽ വ്യക്തമാക്കി.
ഗസ്സയിലെ ആസൂത്രിത നരഹത്യയുടെ ഉത്തരവാദിത്തം അമേരിക്കക്കാണെന്ന് ഹമാസ് പറഞ്ഞു. അതേസമയം വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കാൻ വൈകരുതെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ പ്രക്ഷോഭം തുടരുകയാണ്.
ഇന്നലെ രാത്രി ഒരു മണിക്കൂറിനിടെ നടന്ന മൂന്ന് ആക്രമണങ്ങളിലായി 44 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം. സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു കൂടുതൽ ആക്രമണങ്ങളും. ഖാൻ യൂനുസ്, ദേർ ബലാഹ്, ശുജാഇയ എന്നിവിടങ്ങളിലും നിരവധി ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. റഫയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ
സൈന്യത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് തുടരുന്നതായി ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. ലക്ഷക്കണക്കിന് ഫലസ്തീൻ അഭയാർഥികൾക്ക് ഭക്ഷണവും കുടിവെള്ളവുമുൾപ്പെടെ എത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഗസ്സയിലെ ആസ്ഥാനം ഉൾപ്പെടെ നിരവധി കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമണത്തിൽ തകർന്നു.