“തെക്കിനിയിലെ നാഗവല്ലി” മണിച്ചിത്രത്താഴ് വീണ്ടും തിയറ്റരുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു

0
1393

മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് വീണ്ടും തിയറ്റരുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. സമീപകാലത്ത് നിരവിധി മലയാളം തമിഴ് ചിത്രങ്ങള്‍ റീ റിലീസ് ചെയ്തിരുന്നു. അക്കൂട്ടത്തില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാണാന്‍ കൊതിച്ച ചിത്രങ്ങളിലൊന്നായിരുന്നു മണിച്ചിത്രത്താഴ്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ റീ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. ഓഗസ്റ്റ് 17നാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നത്. 
ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് തിയറ്ററില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുമെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നെങ്കിലും റീ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നില്ല.

തെക്കിനിയിലെ നാഗവല്ലിയുടെയും കാര്‍ന്നവരുടെയും ഭീതിപ്പെടുത്തുന്ന കഥ വളരെ തന്മയത്വത്തോടെയാണ് ഫാസില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. 1993 പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി, ഇന്നസെന്‍റ്, തിലകന്‍, കെ.പി.എ.സി ലളിത, സുധീഷ്, ഗണേഷ്, വിനയപ്രസാദ്, കുതിരവട്ടം പപ്പു എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു.

നാഗവല്ലിയായും ഗംഗയായും ഒരേസമയം അത്ഭുത പ്രകടനം കാഴ്ച്ച വച്ച ശോഭനയ്ക്ക് ചിത്രം മികച്ച നടിക്കുളള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. ഗംഗയുടെ ഭര്‍ത്താവായി സുരേഷ് ഗോപിയും ഡോക്ടര്‍ സണ്ണിയായി മോഹന്‍ലാലും നിറഞ്ഞാടിയപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു.

ചിത്രത്തിലെ ‘ഒരുമുറയ് വന്ത് പാര്‍ത്തായ’  അടക്കമുളള എല്ലാ പാട്ടുകളും മലയാളികളുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചു. മധു മുട്ടത്തിന്റെ മനശാസ്ത്ര-പ്രേതകഥയെ തന്‍റെ സംവിധാനമികവിലൂടെ ഫാസില്‍ അവിസ്മരണീയമാക്കിത്തീര്‍ക്കുകയായിരുന്നു. ചിത്രം സാമ്പത്തിക വിജയം നേടിയെന്ന് മാത്രമല്ല വലിയ പ്രക്ഷകസ്വീകാര്യതയും നേടി.

ഓഗസ്റ്റ് 17ന് മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്നാണ് മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രം റീ റീലിസായി തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത ചിത്രം വീണ്ടും തിയറ്ററില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് മറക്കനാക്കാത്ത അനുഭവമായിരിക്കും ലഭിക്കുക.

മണിച്ചിത്രത്താഴ് ഹിറ്റായതോടെ തമിഴിലും തെലുങ്കിലും ചന്ദ്രമുഖി എന്ന പേരിലും, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു. അവയെല്ലാം വലിയ ഹിറ്റായി മാറിയിരുന്നു. തെക്കിനിയിലെ നാഗവല്ലിയുടെ കാല്‍പ്പെരുമാറ്റത്തിനായി വീണ്ടും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.