തൃശൂര്‍: സ്‌കൂള്‍ തുറക്കാനായി ബാഗ് തുറന്ന കുട്ടിയുടെ കയ്യില്‍ തടഞ്ഞത് ഒരു കുഞ്ഞന്‍ മലമ്പാമ്പ്. തൃശൂര്‍ ചേലക്കര കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഴയന്നൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിക്കാണ് ഈ അനുഭവം.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സ്‌കൂളിലെത്തി ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ കൈയിലെന്തോ തടഞ്ഞു. പേടിച്ച കുട്ടി പെട്ടെന്ന് കൈവലിച്ചു. സഹപാഠി ബാഗിന്റെ ഉടന്‍ തന്നെ ബാഗിന്റെ സിബ്ബ് അടച്ചു. അധ്യാപകരെത്തി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.
വിദ്യാര്‍ഥിനിയുടെ വീട് പാടത്തോടു ചേര്‍ന്നാണ്. ഇവിടെ നിന്ന് പാമ്പ് വീട്ടില്‍ കയറിയതാകാമെന്നാണ് അധ്യാപകര്‍ പറയുന്നത്. വിദ്യാര്‍ഥികള്‍ ബാഗും ചെരുപ്പുമെല്ലാം നന്നായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് അധ്യാപകര്‍ നിര്‍ദേശിച്ചു.
