ഗുണ്ടാ നേതാവിന് ‘ആവേശം മോഡല്‍’ പിറന്നാള്‍ പാര്‍ട്ടി; സംഘം പോലീസ് പിടിയിൽ

0
1006

ഗുണ്ടാനേതാവിന്റെ പിറന്നാൾ പാർട്ടി ആവേശം സിനിമാ മോഡലില്‍ ആഘോഷിക്കാൻ ഒത്തുകൂടിയ സംഘം പൊലീസ് പിടിയിൽ. 32 പേരാണ് പിടിയിലായത്. ഗുണ്ടാ നേതാവിന്റെ അനുചരസംഘം, ആരാധകർ ഉൾപ്പെടെയാണു പിടിയിലായത്.

പാർട്ടി തുടങ്ങും മുൻപേ നീക്കം പൊലീസ് പൊളിച്ചു. ഇതോടെ ഗുണ്ടാത്തലവൻ പിറന്നാള്‍ ആഘോഷത്തിനായി മൈതാനത്ത് എത്താതെ മുങ്ങി. ഞായറാഴ്ച ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപത്താണു സംഭവം. 

പിടികൂടിയവരില്‍ 16 പേർ പ്ര‍ായപൂർത്തിയാകാത്തവരാണ്.  പ്രായപൂര്‍ത്തിയാകാത്തവരെ താക്കീതു ചെയ്തു രക്ഷിതാക്കൾക്കൊപ്പം വിട്ടു. ബാക്കി 16 പേർക്കെതിരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവര്‍. കേക്ക് മുറിക്കുന്നതിന്റെ റീൽ തയാറാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ് ഇവര്‍ ലക്ഷ്യം വെച്ചത്. 

ഞായറാഴ്ച ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപമെത്തണം എന്ന് സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം നൽകി. വിവരം അറിഞ്ഞതോടെ മൈതാനം പൊലീസ് നിരീക്ഷണത്തിലായി. പിറന്നാള്‍ ആഘോഷത്തിനുള്ളവര്‍ എത്തി തുടങ്ങിയപ്പോള്‍ 4 ജീപ്പുകളിൽ പൊലീസ് സംഘമെത്തി വളഞ്ഞിട്ടു പിടിച്ചു.