”എന്നോട് ക്ഷമിക്കൂ..ഒരു മാസത്തിനകം ഇതെല്ലാം തിരികെ നല്‍കാം, കുടുംബാംഗങ്ങള്‍ക്ക് അസുഖമായതിനാലാണ് ഇതെടുക്കുന്നത്”; വീട്ടുടമക്ക് കള്ളന്‍റെ കത്ത്

0
2085

ചെന്നൈ: മോഷണമുതല്‍ ഉടമക്ക് തിരിച്ചുകൊടുക്കുന്ന ‘നല്ലവന്‍മാരായ’ കള്ളന്‍മാരുമുണ്ട്. തമിഴ്നാട്ടിലെ ഒരു വീട്ടിലെത്തിയ കള്ളന്‍ കവര്‍ച്ച നടത്തിയെങ്കിലും മോഷ്ടിച്ച സാധനങ്ങള്‍ ഒരു മാസത്തിനകം തിരികെ നല്‍കാമെന്ന് കത്തെഴുതി വച്ചാണ് സ്ഥലംവിട്ടത്.

ജൂണ്‍ 17ന് മേഘനാപുരത്തെ സാത്താൻകുളം റോഡിലെ വീട്ടിലാണ് മോഷണം നടന്നത്. വിരമിച്ച അധ്യാപകദമ്പതികളായ സെല്‍വിനും ഭാര്യയും ചെന്നൈയില്‍ മകനെ കാണാന്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. ഈ സമയത്ത് വീട് വൃത്തിയാക്കാന്‍ സെല്‍വി എന്ന വീട്ടുജോലിക്കാരിയെ ഏര്‍പ്പാടാക്കിയിരുന്നു.

ജൂണ്‍ 26ന് സെല്‍വി വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സെല്‍വിനെ വിവരമറിയിക്കുകയും ചെയ്തു. സെല്‍വിന്‍ വീട്ടിലെത്തിയപ്പോള്‍ 60,000 രൂപയും 12 ഗ്രാം സ്വര്‍ണാഭരണങ്ങളും ഒരു ജോഡി വെള്ളിക്കൊലുസും മോഷണം പോയതായി കണ്ടെത്തി.

ഒപ്പം ഒരു കത്തുമുണ്ടായിരുന്നു.”എന്നോട് ക്ഷമിക്കൂ.ഒരു മാസത്തിനകം ഇതെല്ലാം തിരികെ നല്‍കാം. കുടുംബാംഗങ്ങള്‍ക്ക് അസുഖമായതിനാലാണ് ഇതെടുക്കുന്നത്” എന്നായിരുന്നു കത്തില്‍. മേഘനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.