ബോചെയുമായി കുശലാന്വേഷണം നടത്തി അബ്ദുറഹീം
കോഴിക്കോട്: സഊദി ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെടുകയും ഒടുവിൽ ശിക്ഷ റദ്ദാക്കപെടുകയും ചെയ്ത കോഴിക്കോട് സ്വദേശി അബ്ദുറഹീം ആദ്യമായി പുറം ലോകത്ത് സംസാരിച്ച് സന്തോഷം പങ്ക് വെച്ചു. അബ്ദുറഹീമിന്റെ മോചനത്തിനായി കേരളത്തിലൊട്ടാകെ യാത്ര നടത്തുകയും പണം സ്വരൂപിക്കാൻ ശ്രമം നടത്തുകയും ചെയ്ത ബോബി ചെമ്മണ്ണൂരുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് അബ്ദുറഹീം തന്റെ സന്തോഷം പങ്ക് വെച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഊദി ജയിലിൽ നിന്ന് അബ്ദുറഹീം ആണെന്ന മുഖവുരയോടെയാണ് ഫോൺ സംഭാഷണം ആരംഭിക്കുന്നത്. സന്തോഷം ആയില്ലേ എന്ന ബോച്ചേയുടെ ചോദ്യത്തിന് ഏറെ സന്തോഷം ആയെന്നും നിങ്ങളെ പോലെയുള്ളവരുടെ ഇടപെടൽ കൊണ്ട് ജീവൻ തിരിച്ചു കിട്ടിയെന്നും റഹീം പ്രതികരിച്ചു. പതിനെട്ടു വർഷത്തിനിടെ ഇതാദ്യമായാണ് വീട്ടുകാർക്ക് പുറമെ അബ്ദുറഹീം പുറം ലോകവുമായി ഇങ്ങനെ പരസ്യമായി സംസാരിക്കുന്നത്. വധ ശിക്ഷ റദ്ദ് ചെയ്തെങ്കിലും നടപടിക്രമങ്ങൾ ഇനിയും കഴിഞ്ഞാൽ മാത്രമേ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകൂ.
എന്നോടൊന്നുമല്ല നന്ദി പറയേണ്ടത്, സൃഷ്ടാവിനോടാണ്, ഓരോരുത്തരും ജനിക്കുമ്പോൾ തന്നെ അവരവരുടെ കാര്യങ്ങൾ എഴുതി വെച്ച് നടപ്പിലാക്കുന്നവർ അവനാണ്. നമ്മൾ അതിന് ഒരു കാരണം മാത്രമാണ്, ഒരു ജീവൻ രക്ഷിക്കാനായല്ലോ, ഉത്തരവാദിത്വങ്ങളിൽ പെട്ട പലതുംഉണ്ട്, അത് പോലെ ഒന്നായിരുന്നു ഇത്, വരൂ കല്യാണം ഒക്കെ കഴിക്കൂ, ലൈഫ് സന്തോഷകരമായി മുന്നോട്ട് പോകൂ, ഇനി ഓട്ടോ ഓടിച്ചൊന്നുമല്ല കഴിയേണ്ടത്, ബോച്ചേ പാർട്ണർ ആക്കി ഒരു കച്ചവടം ഒക്കെ ശരിയാക്കുന്നുണ്ട് ബോബി ചെമ്മണൂർ പറഞ്ഞു. കോടതിയുടെ അന്തിമ വിധി വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അന്തിമ വിധി വന്ന ശേഷം ഇന്നലെ സന്തോഷം കൊണ്ട് ഉറങ്ങാൻ സാധിച്ചില്ലെന്നും വെളിപ്പെടുത്തിയ അബ്ദുറഹീം, അറിയുന്ന എല്ലാവരോടും അന്വേഷണം പറയണമെന്നും ഉണർത്തിയാണ് ഫോൺ കട്ട് ചെയ്തത്.
ബോച്ചേയുമായുള്ള ഫോൺ സംഭാഷണം കേൾക്കാനായി ഇവിടെ ക്ലിക് ചെയ്യുക
ഇന്നലെയാണ് സഊദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത്. ഇതോടെ, കാരാഗ്രഹത്തിൽ നിന്നും റഹീമിന്റെ മോചനം ഉടൻ സാധ്യമാകും. ദിയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതോടെയാണ് കോടതി വധശിക്ഷ റദ്ദാക്കി കോടതി ഉത്തരവിട്ടത്. ഇന്ന് കോടതിയിൽ എത്തിയാണ് കുടുംബം ഇക്കാര്യം അറിയിച്ചത്.
ഇതോടെ റഹീമിന്റെ മോചനത്തിന് ആവശ്യമായ സങ്കീർണ്ണവും നിർണ്ണായകവുമായ എല്ലാ കടമ്പകളും അവസാനിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാകുന്ന മുറക്ക് റഹീമിനെ അധികം വൈകാതെ ജയിലിൽനിന്ന് മോചിപ്പിച്ച് റിയാദ് വിമാനത്താവളം വഴി നാട്ടിലേക്ക് അയക്കും. കൊല്ലപ്പെട്ട സഊദി യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യൺ റിയാലിന്റെ (ഏകദേശം 35 കോടി രൂപ) ചെക്ക് നേരത്തെ തന്നെ കോടതിയിൽ ഇന്ത്യൻ എംബസി വഴി എത്തിച്ചിരുന്നു. .
അബ്ദുൽ റഹീമിനെയും ഇന്നലെ കോടതിയിൽ ഓൺലൈൻ വഴി ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസവും റഹീമിനെ കോടതിയിൽ കൊണ്ടുവന്നിരുന്നെങ്കിലും മുഴുവൻ കക്ഷികളും എത്താത്തതിനാൽ കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അറ്റോർണി സിദ്ദിഖ് തുവ്വൂർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി എന്നിവർ കോടതിയിൽ ഹാജരായിരുന്നു.
സഊദി പൗരനായ അനസ് ബിൻ ഫായിസ് അബ്ദുല്ല അൽ ശഹറിയുടെ സ്‌പോൺസർഷിപ്പിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനായി റിയാദിൽ എത്തിയ കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ അബ്ദുൾ റഹീം റിയാദിൽ 2006 ഡിസംബർ 25 നാണ് ജയിലിലാകുന്നത്. അതിന് തലേദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന്റെ ഏകദേശം ഒരു മാസം മുമ്പ് മാത്രമാണ് റഹീം സഊദിയിലെത്തിയത്. വാഹനാപകടത്തെ തുടർന്ന് ഇരിക്കാനും നടക്കാനും കഴിയാതെ തളർന്ന അനസ് അൽ ശഹ്റി എന്ന പതിനെട്ടുകാരനെ പരിചരിക്കലും വാഹനത്തിൽ പുറത്തേക്ക് കൊണ്ടുപോകലും തിരിച്ചെത്തിക്കലുമായിരുന്നു അബ്ദുൽ റഹീമിന്റെ ജോലി.
കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന്റെ വൈദ്യോപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ അബദ്ധത്തിൽ റഹീമിന്റെ കൈ അനസിന്റെ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു. 2006 ഡിസംബറിലാണ് റഹീമിനെ വധശിക്ഷക്ക് വിധിച്ചത്. പിന്നീട് മോചനത്തിനായി കുടുംബം ആവശ്യപെട്ട പതിനഞ്ചു മില്യൺ റിയാലിന്റെ (ഏകദേശം 35 കോടി രൂപ) ജനകീയ ശ്രമത്തിലൂടെ സ്വരൂപ്പിച്ചാണ് മോചനം സാധ്യമാക്കിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
