ഐ പി സി ഉൾപ്പെടെയുള്ള മൂന്ന് നിയമങ്ങൾ ഇനി ചരിത്രത്തിൽ: കേരളത്തിൽ ന്യായ സംഹിതയിലെ ആദ്യ കേസ് കൊണ്ടോട്ടിയിൽ, രാജ്യത്തെ ആദ്യ കേസ് ഡൽഹിയിൽ

0
959

സമയം 12.19 എ.എം, കേരളത്തിൽ ആദ്യത്തേത്  ഹെൽമെറ്റില്ലാ യാത്ര

മലപ്പുറം: 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) അടക്കം നിർത്തലാക്കിയ മൂന്നു നിയമങ്ങൾക്ക് പകരമായി നിലവിൽ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറം കൊണ്ടോട്ടിയിൽ. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിനാണ് സംസ്ഥാനത്തെ ആദ്യ ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്തത്.  മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനാണ് ആദ്യമായി ഭാരതീയ ന്യായ് സംഹിത പ്രകാരം കേസ് റജിസ്റ്റർ ചെയ്ത സ്റ്റേഷൻ. ഇരുച്ചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച യുവാവിനെതിരെയാണ്  കേസ് എടുത്തത്. 

തിങ്കളാഴ്ച പുലർച്ചെ 12.19നാണ് കേസ് റജിസ്റ്റർ ചെയ്തതെന്ന് കൊണ്ടോട്ടി സ്റ്റേഷൻ എസ്എച്ച്ഒ ദീപകുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു. സംസ്ഥാനത്തെ ആദ്യ കേസാണിതെന്ന് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ പറഞ്ഞു. ക്രൈം നമ്പർ 936 പ്രകാരമാണ് കർണാടകയിലെ കൊടക് മടികേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. കോഴിക്കോട്–പാലക്കാട് റോഡിലൂടെ പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഹെൽമറ്റ് ധരിക്കാതെയും അശ്രദ്ധയോടെയും വാഹം ഓടിച്ചതിനാണ് കേസ്. കൊളത്തൂർ എന്ന സ്ഥലത്തുവച്ചാണ് ഇയാളെ പിടികൂടിയത്.

KL-65-A-2983 ആയിരുന്നു മുഹമ്മദ് ഷാഫിയുടെ വണ്ടി നമ്പർ. അശ്രദ്ധമായും അപകടം വരത്തക്ക രീതിയിലുമാണ് മുഹമ്മദ് ഷാഫി വാഹനം ഓടിച്ചതെന്ന് എസ്എച്ച്ഒ പറഞ്ഞു.  പ്രതിയെ കേസെടുത്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു.

ഇന്നു മുതൽ പ്രാബല്യത്തിൽ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള രാജ്യത്തെ ആദ്യ കേസ് റജിസ്റ്റർ ചെയ്തത് തലസ്ഥാനമായ ഡൽഹിയിലാണ്. ഡൽഹി കമല പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ ഫുട്ട് ഓവർ ബ്രിഡ്ജിനടിയിൽ തടസ്സം സൃഷ്ടിച്ചതിനു തെരുവ് കച്ചവടക്കാരനെതിരെയാണ് ഭാരതീയ ന്യായ് സംഹിത സെക്ഷൻ 285 പ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) അടക്കം മൂന്നു നിയമങ്ങളാണു  നിർത്തലാക്കിയത്. ഇന്നത്തോടെ ഇതെല്ലാം ചരിത്രത്തിന്റെ ഭാഗമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്എസ്) ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധിനിയമവും (ബിഎസ്എ)‌ ആണ്  പ്രാബല്യത്തിൽ വന്നത്. പേരുകൾ സംസ്കൃതത്തിലാകുന്നതിനൊപ്പം, അവയിലെ വിവിധ വ്യവസ്ഥകളിലും മാറ്റം വന്നു.

എന്നാൽ ഇതുവരെ റജിസ്റ്റർ ചെയ്യുന്ന കേസുകളിലെ നടപടികൾ നിലവിലെ വ്യവസ്ഥയനുസരിച്ചു തുടരും. കഴിഞ്ഞവർഷം ഓഗസ്റ്റ് 12നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. അപാകതകൾ പരിഹരിച്ച് ഡിസംബർ 13ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25നാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.

അതേസമയം, എന്നാൽ ‘ഇന്നു മുതൽ നടപ്പിലാക്കുന്ന ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ മൂന്നു നിയമങ്ങൾ 146 എംപിമാരെ സസ്‌പെൻഡു ചെയ്തുകൊണ്ടു നിർബന്ധിതമായി പാസാക്കിയതാണ്’ എന്നു കോണ്ഗ്രസ് പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലിക്കാർജുൻ ഖർഗെ പറഞ്ഞു. തിരഞ്ഞെടുപ്പിലെ രാഷ്ട്രീയവും ധാർമികവുമായ ആഘാതത്തിനു ശേഷം മോദിയും ബിജെപിയും ഭരണഘടനയെ മാനിക്കുന്നതായി നടിക്കുകയാണെന്നും ഈ ‘ബുൾഡോസർ നീതി’ പാർലമെന്ററി സംവിധാനത്തിൽ നടപ്പിലാക്കാൻ ഇന്ത്യ സഖ്യം അനുവദിക്കില്ലെന്നും ഖർഗെ എക്സില്‍ കുറിച്ചു. 

‘‘ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്കു പകരമുള്ള മൂന്നു ക്രിമിനൽ നിയമങ്ങൾ ഇന്നു നിലവിൽ വരും. പുതിയ നിയമങ്ങളിൽ 90-99 ശതമാനവും കട്ട് കോപ്പി പേസ്റ്റ് ജോലിയാണ്. നിലവിലുള്ള മൂന്നു നിയമങ്ങളിൽ ചില ഭേദഗതികൾ വരുത്തിയാൽ തീരുമായിരുന്ന വിഷയത്തിൽ പുതിയനിയമം കൊണ്ടുവരുന്നതെന്തിനാണ്?’’ – കോണ്ഗ്രസ് നേതാവ് ചിദംബരം എക്സിൽ കുറിച്ചു. നിയമത്തിലുള്ള ചില നല്ല മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നെന്നും എന്നാൽ പുതിയ നിയമങ്ങളെപ്പറ്റിയുള്ള വിമര്‍ശനങ്ങൾ അഭിമുഖീകരിക്കാൻ സർക്കാർ തയാറായില്ലെന്നും നിയമവിദഗ്ധരുടെ സംശയങ്ങൾക്കു മറുപടി നൽകിയില്ലെന്നും പോസ്റ്റിൽ പറയുന്നു. ദീർഘകാലാടിസ്ഥാനത്തിൽ, ഭരണഘടനയ്ക്കും ക്രിമിനൽ നിയമശാസ്ത്രത്തിന്റെ ആധുനിക തത്വങ്ങൾക്കും അനുസൃതമായി മൂന്നു നിയമങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും ചിദംബരം പ്രതികരിച്ചു.