ഗുവാഹത്തി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പൊലീസ് കോൺസ്റ്റബിളിന് 20 വർഷം കഠിനതടവ്. അസം കൊക്രാജാർ ജില്ലയിലെ കോൺസ്റ്റബിൾ ബൻജിത് ദാസിനെയാണ് സ്പെഷ്യൽ കോടതി ജഡ്ജ് ജെ. കോച്ച് ശിക്ഷിച്ചത്.
പോക്സോ വകുപ്പ് 6 പ്രകാരം ബൻജിത് ദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി. 20 വർഷം തടവിനൊപ്പം 10,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.
പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധികതടവ് അനുഭവിക്കണം. കൂടാതെ, ഐപിസി സെക്ഷൻ 363 പ്രകാരം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും ദാസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഈ കേസിൽ 2,000 രൂപ പിഴയും മൂന്ന് വർഷത്തെ തടവും ശിക്ഷ വിധിച്ചു.
