പന്തളം: ഓണത്തിനു നാട്ടിലെത്താനിരിക്കെയാണു മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് എസ്.നായർ (31) കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചത്.
8 വർഷത്തോളമായി എൻബിടിസി കമ്പനിയിലെ സ്റ്റോർ ഇൻ ചാർജായിരുന്നു. ഒരു വർഷം മുൻപു നാട്ടിൽ വന്നിരുന്നു. ഇത്തവണ ഓണത്തിന് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
തീപിടിത്തത്തപ്പറ്റി അറിഞ്ഞതു മുതൽ സുഹൃത്തുക്കൾ ആകാശിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഫോണെടുത്തില്ല. പിന്നീട് സ്വിച്ച് ഓഫായ നിലയിലായി. അവിടെയുള്ള പന്തളം സ്വദേശി അരുണും സുഹൃത്തുക്കളും വിവരം തേടി സംഭവം നടന്ന സ്ഥലത്തെത്തിയപ്പോഴാണ് ആകാശ് കുവൈത്തിലെ മുബാറക് ആശുപത്രിയിലുള്ളതായി അറിഞ്ഞതും പിന്നീട് മരണം സ്ഥിരീകരിച്ചതും. ആകാശ് അവിവാഹിതനാണ്. ശാരി എസ്.നായരാണു സഹോദരി.
ഇന്നലെ രാവിലെയും ലൂക്കോസ് വീട്ടുകാർക്കുള്ള പതിവ് ഗുഡ്മോണിങ് സന്ദേശം അയച്ചു. എന്നാൽ ജോലിക്കു പോകുന്നതനു മുൻപുള്ള പതിവു ഫോൺ വിളി മാത്രം ഉണ്ടായില്ല. മക്കളും ഭാര്യയും തിരികെ വിളിച്ചിട്ട് മറുപടി ലഭിച്ചുമില്ല. ഇതോടെ ആശങ്കയായി. ബന്ധുക്കളും മാറിമാറി ലൂക്കോസിനെ ഉച്ചവരെ ഫോണിൽ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. തീപിടിത്തത്തെപ്പറ്റി ടിവിയിൽ വാർത്ത വന്നതോടെ വെളിച്ചിക്കാല വടകോട്ട് വിളയിൽ ആശങ്കയേറി.
ലൂക്കോസിന്റെ ഭാര്യ ഷൈനിയും മക്കളായ ലിഡിയയും ലോയ്സും ലൂക്കോസിന്റെ മാതാപിതാക്കളായ സി.ഉണ്ണുണ്ണിയും കുഞ്ഞമ്മയും കണ്ണീരും ആശങ്കയും പ്രാർഥനയുമായി മണിക്കൂറുകൾ തള്ളി നീക്കുകയായിരുന്നു. മരിച്ച മലയാളികളിൽ ഒരു കൊല്ലം സ്വദേശിയുണ്ടെന്ന് അറിഞ്ഞപ്പോൾ വീട്ടുകാർ തകർന്നു. ശൂരനാട് സ്വദേശിയാണ് മരിച്ചതെന്നു പിന്നീട് സ്ഥിരീകരിച്ചു. മണിക്കൂറുകൾക്കു ശേഷം ലൂക്കോസിന്റെ മരണ വാർത്തയും എത്തി.
പ്ലസ്ടുവിന് എല്ലാം വിഷയങ്ങൾക്കും എ പ്ലസ് നേടിയ മൂത്ത മകൾ ലിഡിയയുടെ തുടർപഠനത്തിനുള്ള ഒരുക്കങ്ങൾക്കായി അടുത്തമാസം നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു ലൂക്കോസ്. 18 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ലൂക്കോസ് എൻബിടിസി കമ്പനിയിലെ മെക്കാനിക്കൽ സൂപ്പർവൈസറാണ്.
