ജനറല്‍ സെക്രട്ടറിയാകാന്‍ ആഗ്രഹം, ലീഗും സമസ്തയും സയാമീസ് ഇരട്ടകള്‍: കെ എം ഷാജി

0
1831

കോഴിക്കോട്: രാജ്യസഭയിലെത്തേണ്ടത് പരിണിതപ്രജ്ഞരായ നേതാക്കളാണ്. തൻ്റെ പേര് രാജ്യസഭയിലേക്ക് പരിഗണിക്കുന്നില്ല. ചെറുപ്പക്കാര്‍ വരുന്നതില്‍ ശരികേടില്ല. ഞാന്‍ യുവാവല്ല. പാര്‍ട്ടിയില്‍ മാത്രമാണ് യുവാവ്. പാര്‍ട്ടി എനിക്ക് അര്‍ഹമായ പരിഗണ നല്‍കി. മുതിര്‍ന്ന നേതാക്കളുടെ ശബ്ദമാണ് ഉപരിസഭയിലെത്തേണ്ടതെന്ന് കെ എം ഷാജി വ്യക്തമാക്കി.

പാര്‍ട്ടിയിയുടെ ജനറല്‍ സെക്രട്ടറി പദമാണ് ആഗ്രഹിക്കുന്നതെന്നും കെ എം ഷാജി തുറന്ന് പറഞ്ഞു. പാര്‍ലമെന്ററി മോഹമില്ല. ജനറല്‍ സെക്രട്ടറിയാവാന്‍ ആഗ്രഹിക്കുന്നുണ്ട്. പാര്‍ട്ടിയിലാരും ആഗ്രഹിക്കുന്ന പദവിയാണത്.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം പാടില്ല. ഒത്തുത്തീര്‍പ്പ് രാഷ്ട്രീയം തോന്ന്യാസമാണ്. യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ പിണറായി വിജയനെതിരായ കേസുകള്‍ ഒത്തുതീര്‍പ്പാക്കരുത്. അഴിമതിയാരോപണങ്ങളില്‍ ഒത്തുതീര്‍പ്പ് പാടില്ല. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകളും അറസ്റ്റിലാകുമെന്നും ഷാജി പ്രതികരിച്ചു.

സമസ്ത വ്യക്തമായ ആത്മീയ സംഘടനയാണ്. മുസ്ലീംലീഗും സമസ്തയും സയാമീസ് ഇരട്ടകളാണ്. ഇരുസംഘടനകളും തമ്മില്‍ തര്‍ക്കമെന്നത് പുറത്തുനിന്നുള്ള ചര്‍ച്ചയാണ്. മുറിച്ചുമാറ്റാന്‍ പറ്റാത്ത തലച്ചോറും ശരീരവുമാണ് ഇരുവര്‍ക്കും. രണ്ടിനെയും വേര്‍പ്പെടുത്താമെന്ന ചിന്തയുള്ള ചില താല്‍പര്യക്കാറുണ്ട്. അതിനുവേണ്ടി പരിശ്രമിക്കുന്ന ചിലരുമുണ്ട്.

സമസ്തയും ലീഗും തമ്മില്‍ അസൂയവഹമായ ബന്ധമാണ്. അതുകൊണ്ടാണ് അടര്‍ത്തിയെടുക്കാന്‍ ശ്രമം. ആ ബന്ധത്തിന് വിള്ളലുണ്ടാക്കാന്‍ ഇടനിലക്കാര്‍ ശ്രമിക്കുന്നുവെന്നും കെ എം ഷാജി കുറ്റപ്പെടുത്തി. പല വിഷയങ്ങളിലും സിപിഐഎമ്മിനെ അനുകൂലിച്ചുള്ള ഉമര്‍ ഫൈസി തങ്ങളുടേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്.

അത് സമസ്തയുടെ അഭിപ്രായമല്ല. ഇത്തരം ശ്രമങ്ങള്‍ ജയിക്കില്ല. സമസ്തയെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു നീക്കവും ലീഗില്‍ നിന്നുണ്ടാവില്ല. സാമൂഹികമായ വിഷയങ്ങളില്‍ സമസ്തക്ക് നേരിട്ട് സര്‍ക്കാറുമായി സംസാരിക്കാം. അതിലൂടെ ലീഗിന്റെ പ്രസക്തിയൊന്നും നഷ്ട്ടമാകുന്നില്ലെന്നും ഷാജി പറഞ്ഞു.