രോഗശമനത്തിന് പ്രാര്‍ഥിച്ച ജനതക്ക് നന്ദി; സൽമാൻ രാജാവ്

ജിദ്ദ: അസുഖ വിവരമറിഞ്ഞ് രോഗശമനത്തിന് പ്രാര്‍ഥിച്ച ജനതക്ക് മന്ത്രിസഭാ യോഗത്തിൽ നന്ദി അറിയിച്ച് സൽമാൻ രാജാവ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സൽമാൻ രാജാവ് ഇന്ന് മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷം വഹിച്ചു.

ആരോഗ്യവും ക്ഷേമവും ആശംസിച്ച് സന്ദേശങ്ങളയച്ച സഹോദര, സൗഹൃദ രാജ്യങ്ങളുടെ രാഷ്ട്ര നേതാക്കളെയും സല്‍മാന്‍ രാജാവ് അഭിനന്ദനം അറിയിച്ചു.

പലസ്തീന്‍ ജനത അനുഭവിക്കുന്ന അഭൂതപൂര്‍വമായ ദുരന്തത്തിന്റെ തീവ്രത പരിമിതപ്പെടുത്താന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു.

വീഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. പത്തു ദിവസം മുമ്പ് പരിശോധനകള്‍ക്കായി രാജാവിനെ ജിദ്ദ അല്‍സലാം കൊട്ടാരത്തിലെ റോയല്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകളില്‍ രാജാവിന് ശ്വാസകോശ അണുബാധയാണെന്ന് സ്ഥിരീകരിക്കുകയും ഇതിനുള്ള ചികിത്സ നല്‍കുകയും ചെയ്തിരുന്നു.