‘തുടുത്ത സിക്കു’വോ ‘തുടുത്ത സൈത്തൂനോ’? എവിടെയാണ് ശരി, ആർക്കാണ് തെറ്റിയത്?: മാപ്പിളപ്പാട്ട് ലോകത്ത് ചൂടേറിയ വാഗ്വാദം

0
2324

മാപ്പിളപ്പാട്ടിൽ ‘തുടുത്തസിക്കൂ’ വിവാദം. പി.ടി അബ്ദുറഹ്മാൻ രചിച്ച് പീർ മുഹമ്മദും ശൈലജയും ചേർന്ന് ആലപിച്ച് അനശ്വരമാക്കിയ ‘ഒട്ടകങ്ങൾ വരി വരി വരിയായി…’എന്ന ഗാനത്തിെൻറ അനുപല്ലവിയിലെ വാക്കിനെച്ചൊല്ലിയാണ് സാമൂഹ്യമാധ്യമങ്ങളിെല ചൂടേറിയ ചർച്ച.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

‘തുടത്തസിക്കൂ മരത്തിെൻറ കനികളും ജറാദെന്ന കിളികളും ചുടുകാറ്റിന്നൊലികളും…’ എന്ന മക്ക മണലാരണ്യത്തെക്കുറിച്ചുള്ള വിശേഷണ ഭാഗത്ത് ശരിക്കും ‘തുടത്ത സൈത്തൂൻ’ എന്നാണെന്നും ഗായകരെല്ലാം തെറ്റാണ് പാടിയതെന്നും വാദമുയർന്നതാണ് വിവാദങ്ങൾക്കാധാരം.

‘തുടുത്തസിക്കൂ’ എന്ന് മാത്രമല്ല, ചിലർ ‘തുടുത്തസിപ്പൂ’ എന്നും പാടിയുണ്ടെന്നും ഇത് ശരിയല്ലെന്നും അറേബ്യയുടെ പശ്ചാത്തലത്തിൽ തുടുത്ത സൈത്തൂൻ എന്നാണ് ശരിയെന്നും വാദിച്ച് ഇവർ രംഗത്തെത്തി. മാത്രമല്ല, മറ്റുള്ളവരുടേത് തെറ്റെന്ന് സ്ഥാപിക്കാൻ തുടുത്ത സൈത്തൂൻ എന്ന് പാടിയവരുടെ പാട്ടുകൾ ഷെയർ ചെയ്യുകയും ചെയ്തു. തുടത്ത സിക്കൂവിനെക്കാളും ചിര പരിചിതമായ ‘സൈത്തൂൻ’ എന്ന് കേള്‍ക്കുമ്പോള്‍ അതാകും ശരി എന്ന തോന്നലായിരുന്നു ഈ വാദങ്ങൾക്ക് ബലമേകിയത്.

എന്നാൽ കവി ഉദ്ദേശിച്ചത് സൈത്തൂൻ അല്ലെന്ന വാദവും മറുഭാഗത്ത് ഉയർന്നു. സൈത്തൂൻ അഥവാ ഒലിവ് മെഡിറ്ററേനിയൻ കാലാവസ്ഥയിൽ വളരുന്ന ചെടിയായാണെന്നും പാറകളാൽ വരിയപ്പെട്ട മക്കയിൽ ഒലീവ് വിളയുമോ എന്നുമായിരുന്നു ചോദ്യം. മക്കയുടെ കാലാവസ്ഥയിൽ ഒലീവ് വളരില്ല. കള്ളിമുൾചെടിക്ക് സമാനമായ ‘സക്കൂം’ ചെടിയാകും കവി ഉദ്ദേശിച്ചതെന്നതായിരുന്നു മറ്റൊരു വിശദീകരണം. പാട്ടിെൻറ കാവ്യഭംഗിക്കും താളപ്പൊരുത്തത്തിനും വേണ്ടി സക്കൂമിനെ ‘തുടുത്തസിക്കൂ’ എന്നെഴുതിയാതാകാമെന്നായിരുന്നു ഇവരുടെ വാദം.

സമീപകാലത്ത് ഗസൽ ഗായകൻ സമീർ ബിൻസി ഈ പാട്ടിെൻറ കവർ തയ്യാറാക്കിയിരുന്നു. തുടത്തസിക്കൂ എന്നാണ് അതിലുമുള്ളത്. കവർ സോങ് വേഗത കുറഞ്ഞതായതിനാൽ കുറച്ചുകൂടി സാവകാശം ‘തുടുത്തസിക്കൂ’ കേൾക്കാം. സ്വാഭാവികമായും ചർച്ച അദ്ദേഹത്തിെൻറ വാളിലേക്കും പടർന്നു. തുടത്തസിക്കൂ എന്ത് പഴമാണെന്നായിരുന്നു ചിലർക്ക് അറിയേണ്ടത്. കവി തന്നെ പറയുന്നതുപോലെ ‘മസ്നവിയും സിത്താറും നിസാമിയുടെ കവിതകളും കിട്ടുന്ന, കാഫു മലയുള്ള അറബിക്കെട്ടിൽ’ ഉള്ള ഒരു പഴം ആയിരിക്കാമെന്നായി മറുപടി. സൈത്തൂൻ മരമല്ലേ പാട്ടിെൻറ തീമിനോട് ചേരുക എന്നായി ചിലർ. സഖൂം എന്നോ സിഖൂം എന്നറിയപ്പെടുന്ന കള്ളിമുൾച്ചെടിയുണ്ടെങ്കിൽ തന്നെ അതിന് കനി ഉണ്ടാകില്ലല്ലോ എന്നായി ചിലരുടെ സന്ദേഹം.

അദ്ദേഹം ഈ പാട്ട് എഴുതിയത് സിക്കുമരം എന്ന് തന്നെയാണെന്നും അദ്ദേഹത്തിെൻറ രചനകൾ മാത്രം ഉൾപ്പെടുത്തിയ പുസ്തകം തെൻറ കൈവശമുണ്ട് അതിലും സിക്കുമരം എന്ന് തന്നെയാണുള്ളതെന്നുമാണ് ഗായകൻ എം.എ ഗഫൂറിെൻറ പക്ഷം. ‘തുടുത്ത് ഹസിപ്പൂ =തുടുത്തസിപ്പൂ’ എന്നായി ചിലർ. ഇതിനിടെ ശൈലജ പാടിയ ഒറിജിനൽ ട്രാക്കും ചർച്ചക്കെത്തി. അതിൽ കൃത്യമായി തുടത്തസിക്കൂ എന്നാണുള്ളത്.

‘പി.ടിയും പീർക്കയും ജീവിച്ചിരുന്ന കാലത്ത് നൂറ് കണക്കിന് ഗായകർ ‘തുടത്തസിക്കൂ’ പാടിയിട്ടും തെറ്റായിരുന്നുവെങ്കിൽ അവർ തിരുത്തുമായിരുന്നില്ലേ എന്ന് ചിലർ. വിവാദം കൊഴുക്കുന്നതിനിടെ ഇൗ ഗാനം ആദ്യമായി പാടിയ ഗായിക ശൈലജ രംഗത്തെത്തി. ‘‘സംശയം വേണ്ട, തനിക്ക് നല്ല ഒാർമ്മയുണ്ടെന്നും ‘തുടത്തസിക്കൂ’ എന്ന് തന്നെയാണ്’’ -എന്നും അവർ അടിവരയിട്ടു. മാത്രമല്ല, ‘പി.ടി അദ്ദേഹം എഴുതിയത് ഇത് തന്നെയാണ്, സംശയമേയില്ല. ഞാൻ റെക്കോർഡിങ്ങിലാണെങ്കിലും സ്റ്റേജുകളിലാണെങ്കിലും ഞാൻ പീർക്കാെൻറ ബുക്ക് നോക്കിയാണ് പാടാറ്. തെറ്റാൻ വഴിയില്ല. തെറ്റിച്ച് പാടിയിരുന്നെങ്കിൽ അന്നു തന്നെ പീർക്ക തിരുത്തുമായിരുന്നു’വെന്നും ശൈലജ കൂട്ടിച്ചേർത്തു. ഇതോടെയാണ് വിവാദങ്ങൾക്കും ചർച്ചകൾക്കും ശമനമുണ്ടായത്.

46 കൊല്ലം മുൻപ്, 1978 ൽ മദ്രാസിലെ എച്ച്.എം.വി സ്റ്റുഡിയോവിൽ തികച്ചും ആകസ്മികമായാണ് ഇൗ പാട്ടിെൻറ പിറവി. എച്ച്.എം.വിയിൽ ‘ലൈല മജ്‌നു’ റെക്കോർഡിങ് പുരോഗമിക്കുകയാണ്. അഞ്ച് മിനിട്ടിലധികം സമയം ഡിസ്കിൽ ഒഴിവുണ്ടെന്നും അവിടം നിറക്കാൻ ഒരു പാട്ടുവേണമെന്നും സൗണ്ട് എഞ്ചിനിയർ ആവശ്യപ്പെട്ടു. ഉടൻ പി.ടി അബ്ദുറഹ്മാൻ കുറച്ച് വരികൾ എഴുതുന്നു. അപ്പോൾ തന്നെ എ.ടി ഉമ്മർ ഈണം നൽകി. അങ്ങനെ പിറന്ന, പീർ മുഹമ്മദും ശൈലജയും ചേർന്ന് പാടിയ ‘‘ഒട്ടകങ്ങൾ വരി വരിയായി..’’ പിന്നീട് ഹിറ്റായി.

പി.ടിയുടെ എഴുത്ത് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എഴുതിയ വരികൾ കൂടിയാണിത്. തുടത്തസിക്കൂ തീരുമാനമായെങ്കിൽ ‘സംകൃത പമഗരി’ യിലേക്ക് കടക്കാമെന്ന താമശക്കമ്മൻറുകളും ഇപ്പോൾ സജീവം. ഇത് സംബന്ധിച്ച അബ്ദുൽ മജീദ് എന്നയാളുടെ വിശകലനം ഇങ്ങനെ വായിക്കാം, ഫേസ്ബുക്കിൽ കുറിച്ചത്👇.

തുടുത്ത സൈത്തൂൻ മരമാണ് ചിത്രത്തിൽ.😃

അറേബ്യൻ ചരിത്രങ്ങൾ വിവരിക്കുന്ന മാപ്പിളപ്പാട്ട് ആയ “ഒട്ടകങ്ങൾ വരി വരി വരിയായ്” എന്ന് തുടങ്ങുന്ന ഗാനത്തിലെ ഒരു വരി ആണല്ലോ ഇപ്പൊ ചർച്ചാ വിഷയം..

തുടുത്തസിപ്പൂ, തൂടുത്തസിക്കൂ എന്നൊക്കെ ആണ് പലരും തെറ്റായി പാടിയത്.. 

അറേബ്യൻ കഥ വിവരിക്കുന്ന ഗാനത്തിൽ അറബി നാടിനെ പരിചയപ്പെടുത്തുന്ന വരിയിൽ ആണ് ഈ പറഞ്ഞ കൂയും പൂയും ഒക്കെ ഉള്ളത് .

ശരിക്കും തുടുത്ത സൈതൂൻ എന്നാണ് അവിടെ ഉള്ളത് എന്നാണ് ഞാൻ പറഞ്ഞത്.

അർഥം അറിയാതെ തെറ്റായി പാടി പിന്നീട് അത് ഏറ്റു പിടിച്ചു തെറ്റ് ആവർത്തിക്കുന്നത് കണ്ടപ്പോൾ പറയണം എന്ന് തോന്നി. അതാണ് ഞാൻ പറഞ്ഞത് .

ഞങ്ങള് കലാകാരന്മാർ ആണ് എന്ന് സ്വയം പറഞ്ഞു  നടക്കുന്ന ചിലർ ആ കൂയും പൂയും  ശരിയാണ് എന്ന് പറഞ്ഞു ന്യായീകരിച്ച് മെഴുകി നടക്കുകയാണ്.

അവർക്കും അറിയാം  തുടുത്ത സൈത്തൂൻ എന്ന് തന്നെ ആണ് അവിടെ എന്ന്..

പക്ഷേ അവർ സമ്മതിക്കില്ല . കാരണം. വെറുതെ ഒറ്റക്കിരിക്കുമ്പോൾ പോലും പാട്ട് പാടാത്ത പാടാൻ അറിയാത്ത ഞാൻ പറഞ്ഞതാണ് അവരുടെ ഈഗോ വർക്കൗട്ട് ആയത്.. അതാണ് കാരണം..

മുകളിൽ കലാകാരന്മാർ എന്ന് സ്വയം പറഞ്ഞു നടക്കുന്നവർ എന്ന് ഞാൻ ചുമ്മാ പറഞ്ഞതല്ല. മനപൂർവ്വം പറഞ്ഞതാണ്.

രണ്ട് ദിവസമായി എനിക്ക് വരുന്ന ചില മെസ്സേജുകൾ നോക്കിയാൽ മതി .

ഒരാളുടെ മെസ്സേജ് ഇപ്രകാരം ആണ് .

തനിക്ക് കലാകാരന്മാരെ കളിയാക്കി കൊണ്ട് വേണോ കാശുണ്ടാക്കാൻ എന്ന്.

വേറൊരു മെസ്സേജ്..  വലിയ കവികൾ എഴുതിയ കാവ്യാത്മകമായ വരികളെ നമ്മൾ എന്തിനാ ചർച്ചയാകുന്നത് എന്ന് .

പിന്നെ കുറച്ചു ഫേക്ക് ഐഡി കളുടെ സ്ഥിരം സ്വഭാവം.  അത് ഞാൻ ഇവിടെ പറയുന്നില്ല..

ആദ്യം പറഞ്ഞ രണ്ടിനും എനിക്ക് വിശദീകരിക്കാൻ ഉണ്ട്.

ഒന്നാമത് തനിക്ക് കലാകാരന്മാരെ കളിയാക്കി കൊണ്ട് വേണോ കാശുണ്ടാക്കാൻ എന്ന് ചോദിക്കുന്നവരോട്.

ഈ കലാകാരന്മാർ എന്ന് സ്വയം പറയുന്ന അവരാണ് YouTube and Facebook മോണിറ്റയ്‌സ് ചെയ്ത് പാട്ട് വിറ്റ് കാശുണ്ടാക്കുന്നവർ.. അവർ കലാകാരന്മാർ അല്ല. അവർ സോഷ്യൽ മീഡിയാ ബിസിനസുകാർ ആണ്.

നല്ല സംഗീതത്തെ തെറ്റായി പാടിയാൽ ചോദ്യം ചെയ്യും..  വിമർശിക്കും..  എടുത്ത് കുടയും.. ഒരു സംശയവും വേണ്ടാട്ടാ.

പിന്നെ എൻ്റെ കാര്യം. 10K ക്ക് മുകളിൽ ഫോളോവേഴ്‌സ് ഉള്ള രണ്ട് റീച്ചുള്ള ഫെസ്ബുക്ക് പേജും.

6K ക്ക് മുകളിൽ followers ഉള്ള ഫെസ്ബുക് പ്രൊഫൈലും  15K subscribe ഉള്ള യൂട്യൂബ് ചാനലും ഉള്ള ഞാൻ അവിടെ ഒന്നും പോസ്റ്റ് ചെയ്യാതെ ടിക്‌ടോക്കിൽ മാത്രം പോസ്റ്റ് ചെയ്തത് എന്ത് കൊണ്ടാണ് എന്ന് അറിയുമോ .

ഞാൻ ഇതൊന്നും കാശുണ്ടാക്കാൻ പറയുന്നതല്ല. മുകളിൽ പറഞ്ഞ എൻറെ ഒരൊറ്റ സോഷ്യൽ മീഡിയ അക്കൗണ്ടും മോണിറ്റൈസ് ചെയ്തിട്ടില്ല.

നിലപാടുകൾ പറയാൻ ആണ് എനിക്ക് സോഷ്യൽ മീഡിയ. ആ നിലപാടുകൾ ജനങ്ങളിൽ എത്തിക്കാനും. അല്ലാതെ കാശുണ്ടാക്കാൻ ഉള്ള ഒരു ഉപാതി അല്ല .

പിന്നെ രണ്ടാമത്തെ കാര്യം..

വലിയ കവികൾ എഴുതിയ കാവ്യാത്മകമായ വരികളെ നമ്മൾ എന്തിനാ ചർച്ചയാകുന്നത് എന്ന്.

ആ കവിതകളെ തെറ്റായി പാടിയാൽ ചർച്ചയാകും..

ഇപ്പോഴും താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് ഉണ്ട് എന്ന് പറയുന്ന പാട്ടുകാർ ഒന്നും  പൂ, കൂ എന്നതിന് ഒരു തെളിവും ഹാജരാക്കിയിട്ടില്ല..

എനിക്ക് ഒന്നേ പറയാനുള്ളു..

ഈഗോ സൈഡിലേക്ക് വെക്കൂ.. എന്നിട്ട് ആലോജിക്കൂ.. അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും തുടുത്തസിപ്പൂ ആണോ തുടുത്തസിക്കൂ ആണോ അല്ല തുടുത്ത സൈത്തൂൻ ആണോ എന്നൊക്കെ..

നല്ല സംഗീതത്തെ കൊല്ലരുത്..

വാർത്താ കടപ്പാട്: മാധ്യമം ഓൺലൈൻ

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക