ഗാസയില്‍ എരിയുന്ന തീയിലേക്ക് ഖുര്‍ആന്‍ കീറിയെറിഞ്ഞ് സൈനികന്‍; കത്തുന്ന പ്രതിഷേധം ഉയരുന്നു

0
2261

ഗാസ: ഗാസയില്‍ എരിയുന്ന തീയിലേക്ക് വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കീറിയെറിഞ്ഞ് സയണിസ്റ്റ് സൈനികന്‍. ഗസയില്‍നിന്നുള്ളതാണ് സംഭവമെങ്കിലും ഏതു ദിവസത്തെ വിഡിയോ ആണെന്ന് വ്യക്തമല്ല. സൈനികര്‍ തന്നെയാണ് സംഭവത്തിന്റെ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

പ്രചരിക്കുന്ന മൂന്ന് സെക്കന്റ് ദൈര്‍ഘ്യം വരുന്ന വിഡിയോയില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ യൂണിഫോമിട്ട ഉദ്യോഗസ്ഥന്‍ കാമറക്ക് നേരെ നോക്കി ഖുര്‍ആന്റെ പതിപ്പ് തീയിലേക്ക് എറിയുന്നത് കാണാം.

സംഭവത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ, സൈനികന്റെ ചെയ്തി, ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കി സയണിസ്റ്റുകള്‍ രംഗത്തുവന്നു. സൈനികന്റെ നടപടി ഇസ്‌റാഈല്‍ സൈന്യത്തിന്റെ മൂല്യങ്ങളോട് യോജിക്കുന്നതല്ല. സൈന്യം എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു.

ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ നടത്തുന്നുവെന്ന കേസില്‍ റഫയിലും തെക്കന്‍ ഗസ്സയിലും നടത്തുന്ന ആക്രമണം നിര്‍ത്തിവയ്ക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വിഡിയോ പ്രചരിച്ചത്. ഗസ്സയിലേക്ക് മനുഷ്യസഹായം എത്തിക്കാന്‍ റഫയിലെ അതിര്‍ത്തി ഉടന്‍ തുറക്കണമെന്നും യു.എന്‍ കോടതി ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ രാജ്യാന്തരതലത്തില്‍ ഇസ്‌റാഈല്‍ തീര്‍ത്തും ഒറ്റപ്പെട്ടുവരികയാണ്.

റഫ ഗവര്‍ണറേറ്റില്‍ അടിയന്തരമായി സൈനിക നടപടി നിര്‍ത്തണമെന്നും മനുഷ്യസഹായം എത്തിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റ് കൂടിയായ ജഡ്ജ് നവാഫ് സലാം നിര്‍ദേശിച്ചു. ഹമാസ് തടവിലാക്കിയ ബന്ദികളുടെ കാര്യത്തില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇവരെ നിരുപാധികമായി വിട്ടയക്കാനും ഹമാസിനോട് കോടതി ആവശ്യപ്പെട്ടു.