റഹീമിന്റെ മോചനം ബലി പെരുന്നാളിന് ശേഷം: ആരോപണം ഉന്നയിക്കുന്നവര്‍ മോചനദ്രവ്യ ഫണ്ടിലേക്ക് പണം നല്‍കാത്തവർ, അവരുടെ ലക്ഷ്യം മറ്റെന്തൊക്കെയോ ആണ്; നിയമ സഹായ സമിതി

0
2187

റിയാദ്: സഊദിയിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനം ബലി പെരുന്നാളിന് ശേഷം സാധ്യമാകുമെന്ന് നിയമ സഹായ സമിതി. റിയാദ് ജയിലില്‍ കഴിയുന്ന റഹീമിന്റെ മോചനദ്രവ്യ തുകയായ 15 മില്യന്‍ റിയാല്‍ കൊല്ലപ്പെട്ട അനസിന്റെ കുടുംബത്തിന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതാണ് കാരണമെന്ന് നിയമസഹായസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

47 കോടിയോളം രൂപ നിയമസഹായസമിതിയുടെ എകൗണ്ടിലെത്തിയിട്ടുണ്ട്. അതില്‍ 15 മില്യന്‍ റിയാല്‍ അഥവാ 34 കോടി 35 ലക്ഷം രൂപ റിയാദിലെ ഇന്ത്യന്‍ എംബസി എകൗണ്ടിലെത്തിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു . റിയാദ് ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരില്‍ സര്‍ട്ടിഫൈഡ് ചെക്ക് റിയാദ് ഗവര്‍ണറേറ്റില്‍ സമര്‍പ്പിക്കുകയാണ് അടുത്ത ഘട്ടം. ഗവര്‍ണറേറ്റില്‍ വെച്ച് ഇരുവിഭാഗവും അനുരഞ്ജന കരാറില്‍ ഒപ്പുവെക്കും. ശേഷം കോടതിയിലേക്ക് അയക്കും. കോടതി കേസില്‍ നിന്ന് വിടുതല്‍ നല്‍കുന്നതോടെ മോചന നടപടികള്‍ തുടങ്ങും.

റഹീമിന്റെ മോചന നടപടികളെല്ലാം സഊദി നിയമവ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നാണ് പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ വ്യക്തിഹത്യനടത്തുന്നതും മറ്റു ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. റഹീം പുറത്തിറങ്ങിയ ശേഷം അത്തരക്കാര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. റഹീമിന്റെ ജയില്‍ മോചനമാണ് ഇപ്പോള്‍ മുന്നിലുള്ളത്. സമിതിയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമാണ്. പത്തോളം എകൗണ്ടുകള്‍ വഴിയാണ് പൊതുജനങ്ങളില്‍ നിന്ന് സഹായ സംഖ്യ പിരിച്ചത്. ഇത് ഓഡിറ്റിന് വിധേയമാണ്. തുക സമാഹരിക്കാനാണ് എകൗണ്ട് തുറന്നത്. സഊദിയില്‍ തുക സമാഹരണം നടക്കാത്തതിനാല്‍ ഇവിടെ എകൗണ്ട് തുറക്കേണ്ട ആവശ്യമുണ്ടായില്ല. ആരോപണം ഉന്നയിക്കുന്നവര്‍ റഹീം മോചനദ്രവ്യ ഫണ്ടിലേക്ക് പണം നല്‍കാത്തവരാണ്. അവരുടെ ലക്ഷ്യം മറ്റെന്തൊക്കെയോ ആണ്.

കൊല്ലപ്പെട്ട സൗദി പൗരന്റെ കുടുംബവുമായി നേരിട്ട് ബന്ധപ്പെടാന്‍ നടത്തിയ ശ്രമങ്ങളൊന്നും ഇക്കാലമത്രയും വിജയിച്ചിരുന്നില്ല. കൊല്ലപ്പെട്ട അനസിന്റെ പിതാവ് 2010 ല്‍ മരിച്ചിരുന്നു. അനന്തരാവകാശിലൊരാള്‍ക്ക് 18 വയസ്സ് തികയാത്തതാണ് കേസ് വൈകാന്‍ കാരണമായത്. കുട്ടിയുടെ മാതാവ് വധശിക്ഷയില്‍ കവിഞ്ഞ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. വിവിധ ഭാഗങ്ങളില്‍ നിന്ന് മാപ്പിന് സമ്മര്‍ദ്ദമുണ്ടായപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചവരെ ഒരു വേള അവര്‍ നിര്‍ത്തിവെച്ചു. എന്ത് കാര്യത്തിനും അഭിഭാഷകനുമായി സംസാരിക്കാം എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. മോചനദ്രവ്യം സ്വീകരിക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല. അങ്ങനെയണ് വാദി ഭാഗം അഭിഭാഷകനുമായി നിരന്തരം ചര്‍ച്ച നടത്തിയതും അനുരഞ്ജനത്തിലെത്തിയതും കരാര്‍ ഒപ്പുവെച്ചതും.

കൊലപാതകം നടന്ന ശേഷം പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിലും കോടതിയുടെ വിധി പ്രസ്താവത്തിലും റഹീം കുറ്റം സമ്മതിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കഴുത്തിലുണ്ടായ ആഘാതമാണ് മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. കൂടെ അറസ്റ്റ് ചെയ്യപ്പെട്ട നസീര്‍ എന്ന വ്യക്തി സാക്ഷിമൊഴിയും നല്‍കി. ഇദ്ദേഹമാണ് കേസിലെ ഏക സാക്ഷി. ഇദ്ദേഹം പിന്നീട് ജാമ്യത്തിലിറങ്ങി സൗദിയില്‍ നിന്ന് മുങ്ങുകയായിരുന്നു.

15 മില്യന്‍ റിയാല്‍ പിരിച്ചുകിട്ടുമോ എന്ന ആശങ്ക തുടക്കം മുതല്‍ എല്ലാവരും പങ്കുവെച്ചതാണ്. റിയാദിലെ ജീവകാരുണ്യ സംഘടനകളാണ് അതിന് ധൈര്യം നല്‍കിയത്. അനുരഞ്ജന ചര്‍ച്ചക്ക് മുന്നില്‍ നിന്ന വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണം 15 മില്യന്‍ റിയാലിന് മുന്നില്‍ ഒരു വിഷയമായിരുന്നില്ല. അതിനാലാണ് അത് നേരത്തെ വെളിപ്പെടുത്താതിരുന്നത്. ഇവിടെ നിന്ന് പിരിച്ചുനല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ സംഖ്യ പിരിഞ്ഞുകിട്ടിയ സ്ഥിതിയില്‍ അത് നാട്ടില്‍ നിന്ന് എംബസിയിലെത്തിച്ചു. എംബസിയാണ് പണം കൈമാറുന്നത്.

റിയാദ് മീഡിയ ഫോറത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ സി.പി മുസ്തഫ, കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ, പരിഭാഷകനും നിയമവിദഗ്ധനുമായ മുഹമ്മദ് നജാത്തി, റഹീമിന്റെ അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍, മറ്റു ഭാരവാഹികളായ അഷ്‌റഫ് വേങ്ങാട്ട്, മുനീബ് പാഴൂര്‍, കുഞ്ഞോയി കോടമ്പുഴ എന്നിവര്‍ സംബന്ധിച്ചു.