ഹൈദരാബാദ്: യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച ഇന്‍ഡോറില്‍നിന്നും ഹൈദരാബാദിലേക്കുള്ള വിമാനയാത്രയിലാണ് സംഭവം.
വിമാനം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് 29 കാരനായ യുവാവ് വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച വിമാന ജീവനക്കാരുമായി യുവാവ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.
വിമാനത്തിന്റെ ലാന്‍ഡിങ്ങിനുശേഷം ജീവനക്കാര്‍ യാത്രക്കാരനെതിരെ പരാതി നല്‍കുകയും കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍, യുവാവ് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണെന്ന് ബന്ധുക്കള്‍ പൊലസീനെ അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇയാള്‍ ചില യാത്രക്കാരോട് മോശമായി പെരുമാറിയിരുന്നു.
യുവാവിന്റെ ചികിത്സ രേഖകള്‍ ബന്ധുക്കള്‍ ഹാജരാക്കിയതിനെ തുര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ യുവാവിനെ വിട്ടയച്ചെന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള പൊലീസ് സ്റ്റേഷനില്‍നിന്നും അറിയിച്ചു. ഗജുലരാമരത്തിലെ ചന്ദ്രഗിരിനഗര്‍ സ്വദേശിയായ യുവാവ് സുഹൃത്തിനൊപ്പമാണ് വിമാനത്തില്‍ കയറിയത്. സംഭവം മറ്റു യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി.