ഇബ്രാഹിം റഈസിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

0
1121

ന്യൂദല്‍ഹി: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ റഈസ് നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്ന് മോദി പറഞ്ഞു.

‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ പ്രസിഡന്റ് ഡോ. സെയ്ദ് ഇബ്രാഹിം റഈസിയുടെ ദാരുണ വിയോഗത്തില്‍ അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നു. ഈ ദു:ഖസമയത്ത് ഇന്ത്യ ഇറാനൊപ്പം നില്‍ക്കുന്നു’ -മോദി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ലോകത്തെ മറ്റു രാജ്യങ്ങളും റഈസിയുടെ വേര്‍പാടില്‍ അനുശോചിച്ചു.

ഞായറാഴ്ച ഹെലികോപ്ടര്‍ അപകടത്തിലാണ് ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹിയാനും ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടത്. ഇറാന്‍- അസര്‍ബൈജാന്‍ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് തെഹ്‌റാനില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫയിലെ വനമേഖലയില്‍ അപകടത്തില്‍പ്പെട്ടത്.