തിരഞ്ഞെടുപ്പ്: പിടിച്ചെടുത്തത് 8,889 കോടി രൂപയുടെ വസ്തുക്കള്‍, കേരളത്തില്‍ 97.62 കോടിയുടെ സാധനങ്ങൾ

0
1193

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ പിടിച്ചെടുത്തത് 8,889 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍. വോട്ടര്‍മാരെ സ്വാധീനിക്കാനായി കൊണ്ടുവന്നതാണ് ഇവ. സി-വിജില്‍ ആപ്പ് വഴി കഴിഞ്ഞ രണ്ടുമാസത്തിനിടെ 4.24 ലക്ഷം പരാതികള്‍ ലഭിച്ചുവെന്നും ഇവയില്‍ 99.9 ശതമാനം പരാതികളും തീര്‍പ്പാക്കിയെന്നും കമ്മിഷന്‍ വ്യക്തമാക്കി.

പിടിച്ചെടുത്തതില്‍ 45 ശതമാനം വസ്തുക്കളും ലഹരി ഉത്പന്നങ്ങളും നിരോധിത വസ്തുക്കളുമാണ്. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ മാത്രം 3,959 കോടി രൂപ മതിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

മദ്യം, മയക്കുമരുന്ന്, വിലയേറിയ ലോഹങ്ങള്‍, സൗജന്യവിതരണത്തിനായി കൊണ്ടുവന്ന സാധനങ്ങള്‍, പണം എന്നിവയാണ് വോട്ടര്‍മാരെ സ്വാധീനിക്കാനായി എത്തിച്ചത്. മയക്കുമരുന്നും രാസലഹരിവസ്തുക്കളും പിടികൂടുന്നതിന് കമ്മിഷന്‍ പ്രത്യേകശ്രദ്ധ നല്‍കുന്നുണ്ട്.

ഗുജറാത്ത് ഭീകരവിരുദ്ധസ്‌ക്വാഡും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും തീരദേശസേനയും സംയുക്തമായി നടത്തിയ ദൗത്യത്തില്‍ മൂന്ന് ദിവസത്തിനിടെ 892 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 849.15 കോടി രൂപ പണമായി പിടിച്ചപ്പോള്‍ 814.85 കോടി രൂപയുടെ മദ്യവും 3958.85 കോടി രൂപയുടെ മയക്കുമരുന്നും 1260.33 കോടി രൂപ മൂല്യമുള്ള ലോഹങ്ങളും ഇതുവരെ പിടികൂടിയെന്നും കമ്മിഷന്‍ അറിയിച്ചു.