ഓരോ വർഷവും ട്രാൻസ്ഫർ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി പല അഭ്യൂഹങ്ങളും പ്രചരിക്കാറുണ്ട്. ഇതിൽ ചിലത് ശരിയാകാറുമുണ്ട്.ഇക്കുറിയും കാട്ടുതീപോലെ ഒരു അഭ്യൂഹം പരക്കുന്നുണ്ട്. അത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിലായതിനാൽ തന്നെ ആകാംക്ഷ ഏറെയാണ്.
സൗദി മാധ്യമപ്രവർത്തകനായ മുതബ് ബിൻ അബ്ദുല്ലയാണ് ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റത്തെക്കുറിച്ച് ഒരു അഭ്യൂഹം ഉയർത്തിവിട്ടത്. ജർമനിയിൽ തേരോട്ടം നടത്തുന്ന ബയർ ലെവർക്യൂസന്റെ പരിശീലകൻ സാബി അലോൺസോ റൊണാൾഡോയുമായി കരാർ ഒപ്പിടാൻ നിർദേശം നൽകിയെന്നായിരുന്നു ആ ട്വീറ്റ്.
തൊട്ടുപിന്നാലെ ലോകമെമ്പാടുമുള്ള പല സ്പോർട്സ് മാധ്യമങ്ങളും സമാന അഭ്യൂഹം വാർത്തയാക്കി. നേരത്തേ റൊണാൾഡോയെ ഒരു പോർച്ചുഗീസ് ക്ലബ് നോട്ടമിടുന്നുണ്ടെന്നും ഇതേ മാധ്യമ പ്രവർത്തകൻ പറഞ്ഞിരുന്നു.